ബിഷപ്പുമാര്‍ സഭാനിയമം അനുസരിച്ച് ജീവിക്കേണ്ടവരാണെന്ന് നമുക്കെല്ലാം അറിയാം, അതില്‍ പ്രധാനം ബ്രഹ്മചര്യം പാലിക്കണമെന്നതാണ് എന്നാല്‍ ഇതിനു വിരുദ്ധമായി രഹസ്യമായി കുടുംബജീവിതം നയിച്ച ലോസ് ആഞ്ജലിസ് സഹായമെത്രാന്‍ ഗാബിനോ സവാല ഒടുവില്‍ രാജിവെച്ചിരിക്കുകയാണ്. സവാലയുടെ രാജി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്വീകരിച്ചു. മെക്‌സിക്കോയില്‍ ജനിച്ച അറുപതുകാരനായ സവാല വധശിക്ഷയ്ക്കും കുടിയേറ്റക്കാരുടെ അവകാശത്തിനും വേണ്ടിയുള്ള പ്രചാരണങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു.
സവാലയുടെ രാജിക്കുള്ള കാരണം വത്തിക്കാന്‍ പരാമര്‍ശിക്കുന്നില്ലയെങ്കിലും കൗമാരക്കാരായ രണ്ട് കുട്ടികളുടെ അച്ഛനാണ് താനെന്ന് സവാല തന്നെ അറിയിച്ചതായി ലോസ് ആഞ്ജലിസ് മെത്രാന്‍ ജോസ് ഗോമെസ് ഡിസംബറില്‍ വിശ്വാസികള്‍ക്ക് കത്തയച്ചിരുന്നു. അമ്മയ്‌ക്കൊപ്പം മറ്റൊരു സംസ്ഥാനത്താണ് ഇവരുടെ താമസമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. ഇതോടുകൂടി റോമന്‍ കത്തോലിക്കാസഭയിലെ പുരോഹിതന്മാര്‍ ബ്രഹ്മചര്യമനുഷ്ഠിക്കണമെന്ന 11-ാം നൂറ്റാണ്ടു മുതലുള്ള കീഴ്‌വഴക്കം എടുത്തുകളയാന്‍ ഉദ്ദേശ്യമില്ലെന്ന് മാര്‍പാപ്പ വ്യക്തമാക്കിയിരിക്കുകയാണ്.
റോമന്‍ കത്തോലിക്കാ പുരോഹിതന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ അനുവാദമില്ല. എന്നാല്‍, ആംഗ്ലിക്കന്‍ സഭാ വൈദികര്‍ക്ക് വിവാഹിതരാകാം. കത്തോലിക്കാ വിശ്വാസത്തിലേക്ക് വരുന്ന വിവാഹിതരായ ആംഗ്ലിക്കന്‍ വൈദികരെ ബ്രഹ്മചര്യനിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ കാണുന്നത് ശീലമാക്കിയ കനേഡിയന്‍ റോമന്‍ കത്തോലിക്കാ മെത്രാന്‍ റെയ്മണ്ട് ലാഹെയ്ക്ക് 15 മാസം തടവുശിക്ഷയും ലഭിച്ചു. ശിക്ഷ വിധിക്കുംമുമ്പുതന്നെ ലാഹെ ജയില്‍ശിക്ഷ അനുഭവിക്കാന്‍ തുടങ്ങിയിരുന്നു. ശിക്ഷാകാലാവധി കഴിഞ്ഞതുകൊണ്ട് അദ്ദേഹം ജയില്‍ മോചിതനാവുകയും ചെയ്തു.
ലാപ്‌ടോപ്പിലും മറ്റുമായി അറുന്നൂറോളം അശ്ലീല ചിത്രങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് 2000-ത്തില്‍ ഒട്ടാവ വിമാനത്താവളത്തില്‍ വെച്ചാണ് ലാഹെ അറസ്റ്റിലായത്. എഴുപത്തിയൊന്നുകാരനായ ലാഹെ കുറ്റക്കാരനാണെന്ന് കഴിഞ്ഞ മെയില്‍ കണ്ടെത്തിയിരുന്നു. ശിക്ഷാകാലം ഔദ്യോഗികമായി തുടങ്ങുംമുമ്പ് തന്നെ അദ്ദേഹം സ്വയം ജയിലില്‍ പോവുകയായിരുന്നു. ലാഹെയോട് ഡി.എന്‍.എ. സാമ്പിള്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലൈംഗികകുറ്റത്തിന് ഇദ്ദേഹത്തിന്റെ പേരില്‍ കേസെടുക്കും. നീന്തല്‍ക്കുളങ്ങള്‍, ഡേ കെയര്‍ സെന്‍ററുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പോകരുതെന്ന് അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല