മാഞ്ചസ്റ്റര്‍: വിഘടിച്ച് നില്‍ക്കാതെ വിശ്വാസത്തിലും സാഹോദര്യത്തിലും മുന്നോട്ട് പോകുവാന്‍ ക്നാനായ മക്കള്‍ക്ക് സാധിക്കണമെന്ന് കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ യൂണിറ്റുകള്‍ ആരംഭിക്കേണ്ടത് യു.കെ.കെ.സി.എ ബൈലോ പ്രകാരമാകണം. അല്ലാതെ തുടങ്ങുന്ന സംഘടനകള്‍ക്ക് നിയമസാധുത ഇല്ലായെന്നും വിഘടിച്ച് നില്‍ക്കുന്നവര്‍ മാതൃ സംഘടനയിലേക്ക് മടങ്ങി വന്നു തെറ്റുകള്‍ തിരുത്തി വിശ്വാസത്തിലും സ്നേഹത്തിലും മുന്നോട്ട് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ പൂര്‍വ്വികര്‍ പകര്‍ന്നു തന്ന വിശ്വാസവും പാരമ്പര്യവും നമ്മുടെ മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നേരത്തെ താലപ്പൊലിയുടെയും മറ്റും അകമ്പടിയോടെ മാര്‍.മാത്യു മുലക്കാട്ടിനെയും യു.കെ.കെ.സി.എ യുടെ പുതിയ ഭരണ സമിതിയേയും സെന്റ് ആന്റണീസ് സ്കൂള്‍ ഹാളിലേക്ക് സ്വീകരിച്ചു ആനയിച്ചു. വെല്‍ക്കം ഡാന്‍സോടെ പരിപാടികള്‍ക്ക് തുടക്കമായി. എം.കെ.സി.എ പ്രസിഡണ്ട് ജിഷു ജോണ്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ.സജി മലയില്‍ പുത്തന്‍പുര, യു.കെ.കെ.സി.എ പ്രസിഡണ്ട് ലെവി പടപ്പുരയ്ക്കല്‍, സെക്രട്ടറി മാത്തുകുട്ടി, എംകെസിഎ സെക്രട്ടറി സാജന്‍ ചാക്കോ, മേരികുട്ടി ഉതുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗിലെ പ്രതിഭകള്‍ അണിനിരന്ന വിവിധ കലാപരിപാടികള്‍ പരിപാടിക്ക് മാറ്റ് കൂട്ടി. സ്നേഹ വിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ജോയിന്റ് സെക്രട്ടറി ജോണി ചാക്കോ കൃതജ്ഞത രേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി സാജന്‍ ചാക്കോ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല