സ്വന്തം ലേഖകന്‍: ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി പാക്, മുസ്ലീം വിരുദ്ധരെന്ന് ഇമ്രാന്‍ ഖാന്‍; സമാധാന ചര്‍ച്ചകള്‍ നീളാന്‍ കാരണം ഇന്ത്യയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍. നേരത്തെ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തള്ളിയിരുന്നു. അതിന് കാരണം ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരമൊരു നടപടിയുണ്ടായതെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കേസിന് പരിഹാരം കാണുന്നതില്‍ പാകിസ്താനും താല്‍പര്യമുണ്ട്. ഭീകരവാദത്തിനെതിരായ നീക്കമാണ് ഇത്. ഇന്ത്യയുമായി ചേര്‍ന്ന് വീസ ആവശ്യമില്ലാത്ത സമാധാന ഇടനാഴി അടുത്തിടെ തുറക്കുകയുണ്ടായി. തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.
പാകിസ്താനില്‍ താലിബാന്‍ ഭീകരര്‍ക്ക് അഭയസ്ഥാനം നല്‍കിയിട്ടില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. താലിബാന്‍ ഭീകരര്‍ക്ക് അഭയസ്ഥാനം ഒരുക്കുന്നത് പാകിസ്താനാണെന്നാണ് യുഎസ്എ ആരോപിക്കുന്നത്. അധികാരത്തിലെത്തിയ ഉടന്‍ സുരക്ഷാ സേനകളില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങള്‍ പാകിസ്താനില്‍ എവിടെയാണുള്ളതെന്നു പറഞ്ഞു തരാമോ?. ഇവിടെ അങ്ങനെയൊന്നില്ല.
2.7 മില്യന്‍ അഫ്ഗാന്‍ അഭയാര്‍ഥികളാണ് പാകിസ്താനില്‍ കഴിയുന്നത്. വലിയ അഭയാര്‍ഥി ക്യാംപുകളിലാണ് അവര്‍ ജീവിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സമാധാനമെന്നത് പാക്ക് താല്‍പര്യങ്ങളുടെ ഭാഗമാണ്. താലിബാന്‍ നേതാക്കള്‍ക്ക് പാകിസ്താന്‍ സംരക്ഷണം നല്‍കുന്നുവെന്ന ആരോപണം യുഎസ് ഉന്നയിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നും ഇമ്രാന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല