സ്വന്തം ലേഖകന്‍: ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ബിജെപി എംപി, പരാമര്‍ശം വിവാദമായപ്പോള്‍ മാപ്പു പറഞ്ഞ് തലയൂരാന്‍ ശ്രമം.ബിജെപി നേതാവ് തരുണ്‍ വിജയാണ് നജീരിയക്കാര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് ഒരു രാജ്യാന്തര ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കവെ വിവാദ പരാമര്‍ശം നടത്തി പുലിവാലു പിടിച്ചത്. ക്ഷിണേന്ത്യക്കാരായ കറുത്തനിറക്കാര്‍ ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്നുമായിരുന്നു തരുണ്‍ വിജയ് തട്ടിവിട്ടത്.
‘കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ ഇന്ത്യയില്‍ അമര്‍ഷമുണ്ടെന്നും അവരെ ആക്രമിക്കുമെന്നും പറയുന്നതു ശരിയല്ല. കാരണം കേരളം, കര്‍ണ്ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ കറുത്തവരുണ്ട്. അവരോടെപ്പമാണു ഞങ്ങള്‍ ജീവിക്കുന്നത്. ഇന്ത്യയില്‍ വിവിധ സമൂഹങ്ങളില്‍പ്പെട്ടവര്‍ പരസ്പരം ആക്രമിക്കാറുണ്ട്. കുറേനാള്‍ മുമ്പു ബിഹാറികളെ മഹാരാഷ്ട്രയില്‍ ആക്രമിച്ചിരുന്നു. മറാഠികളെ ബിഹാറിലും ആക്രമിച്ചു. എന്നാല്‍ ഇവ വംശീയമായ ആക്രമണമാണ് എന്നു പറയാനാവില്ല’– എന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു മാധ്യമ പ്രതിനിധി ചോദിച്ച ചോദ്യത്തിനു തരുണ്‍ വിജയ് മറുപടി പറഞ്ഞത്.
പരാമര്‍ശം ചര്‍ച്ചയായതോടെ നിലപാട് മയപ്പെടുത്തി തരുണ്‍ വിജയ് ട്വീറ്റ് ചെയ്തിരുന്നു. എന്നിട്ടും വിവാദം കത്തിപ്പടര്‍ന്നതോടെ വംശീയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് തരുണ്‍ വിജയ് രംഗത്തെത്തി. ഇന്ത്യയില്‍ വിവിധ വര്‍ണക്കാര്‍ ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും അവര്‍ക്കിടയില്‍ വര്‍ണ വിവേചനം ഇല്ലെന്നും വ്യക്തമാക്കാനാണ് താന്‍ ഉദ്ദേശിച്ചതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ വിദ്യാര്‍ത്ഥി മയക്കുമരുന്ന് കഴിച്ച് മരിച്ച സംഭവത്തെ തുടര്‍ന്നാണ് ദില്ലിയിലെ നോയിഡയില്‍ ആഫ്രിക്കന്‍ വംശജരെ ജനക്കൂട്ടം ആക്രമിച്ചത്. നൈജീരിയക്കാരായ യുവാക്കളാണ് മയക്കുമരുന്ന് വിതരണം ചെയ്തതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. 18കാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമിതമായി മയക്കുമരുന്ന് അകത്തുചെന്നതാണ് മരണം കാരണമെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യയിലെ ആഫ്രിക്കക്കാര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമ സംഭവങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വന്‍ വാര്‍ത്തയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല