1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2015

സ്വന്തം ലേഖകന്‍: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കടത്തിവെട്ടി ബിജെപി ലോകത്തിലെ ഏറ്റവും അംഗസംഖ്യയുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന് പദവി സ്വന്തമാക്കി. 8.80 കോടി അംഗങ്ങളുടെ ബലത്തിലാണ് ബിജെപി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയെ (സിപിസി) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാത്. 8.60 കോടി അംഗങ്ങളാണ് സിപിസിക്കുള്ളത്.

മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ മുതല്‍ തുടങ്ങിയ അംഗത്വ ക്യാമ്പയിനാണ് ബിജെപിയുടെ അംഗസംഖ്യയില്‍ കുതിച്ചു ചാട്ടമുണ്ടാകാന്‍ കാരണം. ഈ മാസം 31 നു അവസാനിക്കാനിരിക്കുന്ന ക്യാമ്പയിനില്‍ അംഗത്വം എടുത്തവരുടെ എണ്ണം പത്തു കോടിയാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.

ക്യാമ്പയിന്റെ വിശദമായ കണക്കുകളും ആകെ അംഗങ്ങളുടെ എണ്ണവും ഏപ്രില്‍ 3, 4 തീയതികളില്‍ നടക്കുന്ന ദേശീയ എക്‌സിക്യുട്ടീവില്‍ വച്ച് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കും.

മാര്‍ച്ച് 31 നാണ് അംഗത്വ ക്യാമ്പയിന്‍ അവസാനിക്കുക എങ്കിലും മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, അസാം, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്യാമ്പയിന്‍ തുടരുമെന്നാണ് സൂചന. ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്.

മഹാരാഷ്ട്രയില്‍ നിന്നാണ് ബിജെപി ഏറ്റവും കൂടുതല്‍ അംഗങ്ങളെ പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലും മദ്ധ്യപ്രദേശിലും ബിജെപിക്ക് 80 ലക്ഷം അംഗങ്ങളാണുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാധീനം യുവാക്കള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വന്‍തോതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അംഗത്വ വിതരണത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ മിസ്ഡ് കോള്‍ ക്യാമ്പയിന്‍ ഏറെ ഫലം ചെയ്തതായും പാര്‍ട്ടി നേതൃത്വം കരുതുന്നു. ജന മധ്യത്തില്‍ പാര്‍ട്ടിയെ സജീവമായി നിലനിര്‍ത്തുന്നതിനും മൊബൈല്‍ ഫോണ്‍ ക്യാമ്പയിന്‍ സഹായിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.