സ്വന്തം ലേഖകന്‍: ആഫ്രിക്കയില്‍ 100 കൊല്ലത്തിനു ശേഷം കരിമ്പുലിയെ കണ്ടെത്തി; അപൂര്‍വ ചിത്രങ്ങള്‍ പുറത്തുവിട്ട് ഫോട്ടോഗ്രാഫര്‍. കെനിയയിലെ വനത്തില്‍ നിന്നാണ് കരിമ്പുലിയുടെ ചിത്രങ്ങള്‍ ലഭിച്ചത്. ഇക്കഴിഞ്ഞ നൂറ് കൊല്ലത്തെ കാലയളവില്‍ ആഫ്രിക്കന്‍ മേഖലയിലെങ്ങും കരിമ്പുലി മനുഷ്യന്റെ കാഴ്ചയില്‍ പെട്ടിരുന്നില്ല.
വന്യജീവി ഫോട്ടോഗ്രാഫറും ജൈവശാസ്ത്രജ്ഞനുമായ വില്‍ ബുറാര്‍ദ് ലൂകസ് ആണ് കരിമ്പുലിയുടെ ചിത്രങ്ങള്‍ തന്റെ വെബ്‌സൈറ്റിലൂടെ പുറത്തു വിട്ടത്.
വനപ്രദേശത്തെ മൃഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ വില്‍ സ്ഥാപിച്ചിരുന്ന ക്യാമറയ്ക്ക് മുമ്പിലാണ് അപ്രതീക്ഷിതമായി പുലി വന്നു പെട്ടത്. ചിത്രങ്ങള്‍ പകര്‍ത്താനായി വില്ലും കൂട്ടരും പല സ്ഥലങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.
1909 ന് ശേഷം കെനിയയില്‍ ആദ്യമായാണ് കരിമ്പുലിയെ കണ്ടെത്തുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കെനിയയിലെ ലൈകിപിയ വൈല്‍ഡര്‍നസ് ക്യാംപില്‍ ഈ പ്രദേശത്തെ വന്യജീവികളുടെ ചിത്രങ്ങള്‍ പകര്‍ത്താനായി ജനുവരി മുതല്‍ തങ്ങുകയാണ് വില്‍. ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് കരിമ്പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
സാധാരണ പുലികളുടെ വര്‍ഗത്തില്‍ പെടുന്നവയാണ് കരിമ്പുലികളും. ശരീരത്തില്‍ പുള്ളികള്‍ സൃഷ്ടിക്കുന്ന കറുപ്പുനിറം അധികമായിത്തീരുമ്പോഴാണ് ഇവയെ കരിമ്പുലി എന്ന് വിളിക്കുന്നത്. ഏഷ്യന്‍ കാടുകളിലാണ് സാധാരണയായി കരിമ്പുലികളെ കാണാറുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല