സ്വന്തം ലേഖകന്‍: ഇമെയില്‍ വഴി കള്ളപ്പണത്തെക്കുറിച്ച് വിവരം നല്കാന് പദ്ധതി, മൂന്നു ദിവസം കൊണ്ട് ലഭിച്ചത് 4000 ത്തോളം ഇമെയില്‍. കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഇമെയില്‍ വിലാസത്തിലേക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ലഭിച്ചത് നാലായിരത്തോളം സന്ദേശങ്ങള്‍. blackmoneyinfo@incometax. gov.in എന്ന ഇമെയില്‍ വിലാസത്തിലാണ് കള്ളപ്പണക്കാരെക്കുറിച്ച് വിവരം നല്‍കേണ്ടത്.
വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചത്. സ്വന്തം പേര് വെളിപ്പെടുത്താതെ ആര്‍ക്കും കള്ളപ്പണക്കാരെക്കുറിച്ച് വിവരം കൈമാറാം.
പദ്ധതിക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. അനധികൃത പണമിടപാടുകളും കൈമാറ്റവും സര്‍ക്കാരിനെ അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതാണ് ഇമെയില്‍ പദ്ധതി.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം സംശയാസ്പദമായ നിക്ഷേപങ്ങളും ഹവാല ഇടപാടുകളും ആദായനികുതി വകുപ്പ് നിരീക്ഷിച്ചു വരികയാണ്. ഇതിന് പുറമെയാണ് കള്ളപ്പണത്തെക്കുറിച്ച് വിവരം നല്‍കുന്നതിനുള്ള ഇമെയില്‍ പദ്ധതി അവതരിപ്പിച്ചത്. അതിനിടെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിന്നായി ആദായനികുതി റെയ്ഡില്‍ 250 കോടി രൂപ മൂല്യമുള്ള പുതിയ കറന്‍സികള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചശേഷം ഇതേവരെ 3,185 കോടിയുടെ കള്ളപ്പണം പിടികൂടിയതായാണ് ആദായ നികുതി വകുപ്പിന്റെ കണക്ക്. രാജ്യ വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇത്രയും തുക പിടികൂടിയത്. കള്ളപ്പണവും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് 3,100 നോട്ടീസുകള്‍ പുറപ്പെടുവിച്ചതായും 220 കേസുകള്‍ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തതായും ആദായനികുതി വകുപ്പ് അറിയിച്ചു.
സ്വര്‍ണവും മറ്റു വസ്തുക്കളുമടക്കമാണ് 3,185 കോടി രൂപ പിടികൂടിയത്. ഇതില്‍ 86 കോടിയുടെ പുതിയ 2,000 രൂപ നോട്ടുകളും ഉള്‍പ്പെടുന്നുണ്ട്. നവംബര്‍ എട്ടിനാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല