സ്വന്തം ലേഖകന്‍: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച രണ്ട് ഇന്ത്യക്കാരുടെ വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പുറത്തുവിട്ടു. സ്‌നേഹലത സ്വാഹ്നി, സംഗീത സ്വാഹ്നി എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിന് താല്‍പര്യമില്ലെങ്കില്‍ അടുത്ത 30 ദിവസത്തിനുള്ളില്‍ ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബ്രിട്ടന്‍, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളിലുള്ളവരുടെയും പേരുകള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, അമേരിക്കക്കാരുടെയും ഇസ്രയേലികളുടെയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല. 40 ഓളം പേരുകളാണ് ഇത്തരത്തില്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുവിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
മുന്‍ വിദേശകാര്യ സഹമന്ത്രി പ്രണീത് കൗര്‍, മുന്‍ എംപി അനു ടണ്ഡന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ ഭാര്യ നീലം, മകന്‍ നീലേഷ്, ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത എന്നിവരും അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന വസന്ത് സാഠേയുടെ ചില കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരുകള്‍ സ്വിസ് ബാങ്ക് നേരത്തെ പുറത്തുവിട്ടിരുന്നു.
മുകേഷ് അംബാനി(164.92 കോടി രൂപ), അനില്‍ അംബാനി(164.92 കോടി), ആനന്ദ് ചന്ദ് ബര്‍മന്‍(77.5 കോടി), രാജന്‍ നന്ദ, യശോവര്‍ധന്‍ ബിര്‍ല, ചന്ദ്രു ലക്ഷ്മണ്‍ദാസ് രഹേജ, ദത്തരാജ് സാല്‍ഗോക്കര്‍, നരേഷ് ഗോയല്‍(116 കോടി) തുടങ്ങിയവരുടെ പേരും ഇതിലുള്‍പ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല