1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2015

സ്വന്തം ലേഖകന്‍: കള്ളപ്പണത്തിന് കുടുക്കിടാന്‍ ആദായ നികുതി വകുപ്പ്, വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം വരെ പാരിതോഷികം. വന്‍തോതില്‍ നികുതി വെട്ടിച്ചും മറ്റുമായി കള്ളപ്പണം സൂക്ഷിക്കുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം ഇനിമുതല്‍ 15 ലക്ഷം രൂപ വരെയായിരിക്കുമെന്ന് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട മാര്‍ഗരേഖയിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

രഹസ്യമായി ലഭിക്കുന്ന വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെടുക്കുന്ന തുകയുടെ 10 ശതമാനം വരെയാണ് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ പുതിയ മാര്‍ഗരേഖയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. കണ്ടെടുക്കുന്ന തുക എത്ര വലുതാണെങ്കിലും പാരതോഷികം നല്‍കുന്ന തുക 15 ലക്ഷത്തില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിയമത്തിന്റെ കണ്ണുവെട്ടിച്ച് സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം വീണ്ടെടുക്കാനും അങ്ങനെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാനുമാണ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇപ്രകാരം വിവരം നല്‍കുന്നവരുടെ പേരും മറ്റു വിശദാംശങ്ങളും നിയമമനുസരിച്ച് അതീവരഹസ്യമായി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെടുക്കുന്ന കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുക കള്ളപ്പണ വിരുദ്ധ പ്രത്യേക സേന ഉള്‍പ്പെടെയുള്ളവരായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പാരിതോഷികം അടിച്ചെടുക്കാനോ വ്യക്തി വൈരാഗ്യം തീര്‍ക്കാനോ ആയുള്ള ഊഹ വാര്‍ത്തകളും വ്യാജ ആരോപണങ്ങളും പ്രോത്സാഹിപ്പിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.