അമേരിക്കയിലെ നോര്‍ത്ത് ചാര്‍ലെസ്റ്റണിലെ സൗത്ത് കരോലീനയില്‍ നിരായുധനായ കറുത്ത വംശക്കാരനെ വെടിവെച്ചു കൊന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലകുറ്റം ചുമത്തി. നാല് മക്കളുടെ പിതാവായ വാള്‍ട്ടര്‍ സ്‌കോട്ടാണ് ട്രാഫിക് പരിശോധനയ്ക്കിടെ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. മൈക്കിള്‍ സ്ലേഗര്‍ എന്ന പൊലീസുകാരന് എതിരെയാണ് ഇപ്പോള്‍ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
കാറിന്റെ ടെയില്‍ ലാംപ് ശരിയല്ലാത്തതിനാലാണ് സ്‌കോട്ടിനെ പൊലീസ് പിടികൂടിയത്. ഇവര്‍ എന്തെങ്കിലും ചെയ്യുമോ എന്ന ഭയത്തില്‍ കുതറി ഓടാന്‍ ശ്രമിച്ച വാള്‍ട്ടര്‍ സ്‌കോട്ടിനെ പൊലീസുകാരന്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. സ്‌കോട്ടിന് നേര്‍ക്ക് എട്ടു തവണ പൊലീസുകാരന്‍ വെടിവെച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൊലീസുകാരന് എതിരെ കേസെടുത്തിരിക്കുന്നത്.
വെടിയേറ്റ് വീണ സ്‌കോട്ടിനെ കൈ പുറകിലേക്കാക്കി പൊലീസുകാരന്‍ വിലങ്ങണിയിക്കുന്നുവെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. പിന്നീട് മറ്റെരു പൊലീസുകാരന്‍ അവിടേക്ക് എത്തുകയും അപ്പോള്‍ ആദ്യത്തെ പൊലീസുകാരന്‍ എന്തോ ഒരു വസ്തു സ്‌കോട്ടിന്റെ ശരീരത്തിന് അരികില്‍ കൊണ്ടു പോയി ഇടുകയും ചെയ്യുന്നു. ഈ വീഡിയോയില്‍നിന്ന് പൊലീസുകാരന്‍ ഒരു കാരണവുമില്ലാതെയാണ് സ്‌കോട്ടിനെ വെടിവെച്ച് കൊന്നതെന്ന് വ്യക്തമാകുന്നുണ്ട്.
അമേരിക്കയില്‍ ഉടനീളം കറുത്ത വര്‍ഗക്കാര്‍ക്ക് എതിരെ പൊലീസുകാര്‍ നടത്തുന്ന കായികമായ കടന്നുകയറ്റവും കൊലപാതകങ്ങളും വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടു വരാന്‍ ഈ സംഭവത്തിന് സാധിച്ചു. കറുത്ത വര്‍ഗക്കാര്‍ക്കെതിരെ മാത്രം ബലപ്രയോഗം നടത്തുകയാണ് വെളുത്ത വര്‍ഗക്കാരായ പൊലീസ് എന്നാണ് ശക്തമായ വാദങ്ങളില്‍ ഒന്ന്. ഫെര്‍ഗൂസണ്‍ വെടിവെപ്പിന്റെ അനുരണനങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് സമാനമായ മറ്റൊരു കേസ് കൂടി പൊങ്ങി വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല