സ്വന്തം ലേഖകന്‍: കറുത്ത സ്ത്രീയുടെ കൈയ്യില്‍ വെളുത്ത കുഞ്ഞുണ്ടാകുമോ? വടകരയില്‍ നാട്ടുകാര്‍ നാടോടി സ്ത്രീയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വടകര, കല്ലാച്ചിയില്‍ കൈക്കുഞ്ഞിനെ തട്ടിയെടുത്തു എന്ന് ആരോപിച്ചാണ് നാടോടി സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്പിച്ചത്. എന്നാല്‍ കുഞ്ഞ് സ്ത്രീയുടേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ അമ്മയെയും കുഞ്ഞിനെയും പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതോടെ നാട്ടുകാര്‍ നാണംകെടുകയും ചെയ്തു. കുഞ്ഞിന്റെ തൊലിനിറത്തിന്റെ പേരില്‍ മാതൃത്വം ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
നാടോടി സ്ത്രീയുടെ കൈയ്യില്‍ വെളുത്ത കുഞ്ഞിനെ കണ്ടതോടെ കുട്ടി നാടോടി സ്ത്രീയുടേതല്ല എന്ന സംശയം ചിലര്‍ ഉന്നയിക്കുകയായിരുന്നു. കുഞ്ഞിന്റെ വെളുപ്പും അമ്മയുടെ കറുപ്പുമായിരുന്നു സംശയത്തിന് കാരണമായി പറഞ്ഞത്. തുടര്‍ന്ന് ഫേസ്ബുക്കിലും വാട്സാപ്പിലും മറ്റും ആറ് മാസം പ്രായമായ കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിയെടുത്തു എന്ന് ഈ വിവരം പരക്കുകയും ചെയ്തു.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടതാണ് ഇവരെന്ന പ്രചാരണവും ഉണ്ടായി. കേട്ടറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ ഹോം ഗാര്‍ഡും സ്ഥലത്തെത്തി. കൂടിനിനിന്നവര് മൊബൈലില്‍ ഫോട്ടോ എടുക്കാനും തുടങ്ങിയതോടെ സ്ത്രീ പ്രകോപിതയായി. ചോദ്യം ചെയ്യല്‍ രൂക്ഷമായതോടെ കുഞ്ഞിനെ കെട്ടിപിടിച്ച് സ്ത്രീ കരയാന്‍ തുടങ്ങി. ഒടുവില്‍ സ്ത്രീയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അന്വേഷണത്തില്‍ കുഞ്ഞ് നാടോടി സ്ത്രീയുടേത് തന്നെയാണെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല