സ്വന്തം ലേഖകൻ: ബ്ലാക്ക്‌ബെറി ഫോണുകള്‍ 2022 ജനുവരി നാലിന് പ്രവര്‍ത്തനം അവസാനിപ്പിക്കും. ഒരുകാലത്ത് മൊബൈല്‍ഫോണ്‍ വിപണിയിലെ രാജാവായി വാണ ബ്രാന്‍ഡ് ആണ് ഇന്ന് ഒന്നുമല്ലാതായി വിപണി വിടുന്നത്. 2020 ല്‍ തന്നെ ബ്ലാക്ക് ബെറി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കാനഡയിലെ ഒന്റാറിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌ബെറി ലിമിറ്റഡ് എന്ന കമ്പനി മുമ്പ് റിസര്‍ച്ച് ഇന്‍ മോഷന്‍ അഥവാ റിം (RIM) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
സന്ദേശ കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന പേജര്‍ നിര്‍മിച്ച് തുടങ്ങിയ കമ്പനി പതിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്തേക്ക് വരികയും അക്കാലത്തെ വിലകൂടിയ മൊബൈല്‍ഫോണ്‍ ബ്രാന്‍ഡായി വളരുകയും ചെയ്തു. അക്കാലത്തെ അമേരിക്കയിലെ ഏറ്റവും മൂല്യവും സ്വാധീനവുമുള്ള മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായിരുന്നു റിം.
ഉദ്യോഗസ്ഥര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ബ്ലാക്ക് ബെറിയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിലെ കീബോര്‍ഡും ബ്ലാക്ക്‌ബെറി മെസെഞ്ചര്‍ സേവനവും ആ സ്വീകാര്യത വര്‍ധിക്കുന്നതിനിടയാക്കി. എന്നാല്‍ ബ്ലാക്ക് ബെറിയുടെ യുഗാന്ത്യത്തിന് തുടക്കമിട്ടത് ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ചതോടുകൂടിയാണ്. ബ്ലാക്ക് ബെറി ഫോണുകളിലും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നോക്കിയ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളുടെ ഫോണുകളിലുമെല്ലാം ഉണ്ടായിരുന്ന ഫിസിക്കല്‍ കീബോര്‍ഡുകള്‍ എടുത്തുകളഞ്ഞ് വലിയ ടച്ച് സ്‌ക്രീനോടുകൂടിയ ഫോണ്‍ ആപ്പിള്‍ അവതരിപ്പിച്ചു.
ആപ്പിളിന്റെ ഈ നീക്കത്തെ കാര്യമാക്കാതിരുന്ന റിം തങ്ങളുടെ ബ്ലാക്ക് ബെറി മൊബൈല്‍ ഫോണുകള്‍ പഴയ പടി തന്നെ ഇറക്കി. വിപണിയിലെ മാറ്റത്തെ തിരിച്ചറിയാതിരിക്കുകയും വിലകുറച്ചു കാണുകയും ചെയ്തതാണ് ബ്ലാക്ക് ബെറിയ്ക്ക് വെല്ലുവിളിയായത്.
മറുവശത്ത് ആപ്പിള്‍ ഐഫോണുകളെ അതിവേഗം പരിഷ്‌കരിച്ചുകൊണ്ടിരുന്നു. ഐഫോണ്‍ 4 എത്തിയപ്പോഴേക്കും മൊബൈല്‍ ഫോണ്‍ വിപണിയില്‍ ആപ്പിള്‍ ബ്ലാക്ക് ബെറിയെ മറികടന്നിരുന്നു. പിന്നീട് ടച്ച് സ്‌ക്രീന്‍ ഫോണുകള്‍ അവതരിപ്പിക്കാന്‍ ബ്ലാക്ക് ബെറി ശ്രമം നടത്തിയെങ്കിലും സാങ്കേതികമായ നിരവധി പ്രശ്‌നങ്ങള്‍ ആ ഫോണുകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. പിന്നാലെ ആന്‍ഡ്രോയിഡ് ഫോണുകളും കൂടിയെത്തിയതോടെ ബ്ലാക്ക്‌ബെറി വിപണിയില്‍ പിന്തള്ളപ്പെട്ടു.
2016 ല്‍ കമ്പനി സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കുകയും സോഫ്റ്റ് വെയറില്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. ബ്ലാക്ക്‌ബെറി ബ്രാന്റിന്റെ ലൈസന്‍സ് ടിസിഎല്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ഹോള്‍ഡിങിന് നല്‍കി. 2020 വരെ ബ്ലാക്ക്‌ബെറി ബ്രാന്‍ഡില്‍ ഫോണുകള്‍ ഇറക്കിയത് ടിസിഎല്‍ ആണ്. ആന്‍ഡ്രോയിഡ് ഓഎസിലായിരുന്നു ഈ ഫോണുകള്‍ പുറത്തിക്കിയിരുന്നത്. ബ്ലാക്ക്‌ബെറി കീ2 എല്‍ഇ സ്മാര്‍ട്‌ഫോണ്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.
ബ്ലാക്ക് ബെറിയുടെ യഥാര്‍ത്ഥ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുക. 2020 ല്‍ ടെക്‌സാസിലെ ഓണ്‍വാര്‍ഡ് മൊബിലിറ്റി എന്ന സ്റ്റാര്‍ട്ട് അപ്പ് ബ്ലാക്ക്‌ബെറിയുടെ 5ജി ഫോണ്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.
ബ്ലാക്ക്‌ബെറിയുടെ യഥാര്‍ത്ഥ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുടെ പ്രവര്‍ത്തനം മാത്രമാണ് അവസാനിപ്പിക്കുന്നത്. ബ്ലാക്ക്‌ബെറി ബ്രാന്‍ഡിലുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇത് ബാധകമാവില്ല. ബ്ലാക്ക്‌ബെറി ഫോണുകള്‍ക്കുള്ള സേവനങ്ങളും പിന്തുണയും അവസാനിപ്പിക്കുകയാണെങ്കിലും കമ്പനി അടച്ചുപൂട്ടാന്‍ പോവുകയല്ല. മറിച്ച് മറ്റ് സ്ഥാപനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും വേണ്ടിയുള്ള സോഫ്റ്റ് വെയര്‍ ഡെവലപ്പിങ് രംഗത്ത് ബ്ലാക്ക്‌ബെറി തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല