സ്വന്തം ലേഖകന്‍: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, അനുമതി ഇല്ലാതെ രാജ്യം വിടരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍.
ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. രണ്ട് രാത്രി ജയില്‍ വാസം അനുഭവിച്ചശേഷം അല്‍പം മുമ്പാണ് സല്‍മാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ ആള്‍ദൈവം ആസാറാം ബാപു കിടന്ന അതേ ബ്ലോക്കിലായിരുന്നു സല്‍മാന്‍ രണ്ട് രാത്രി മുഴുവന്‍ കഴിഞ്ഞത്.
വിഷയത്തില്‍ സല്‍മാന്‍ ഖാനെതിരെ ശാസ്ത്രീയ തെളിവുകളുടെ അഭാവമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല മരിച്ച രണ്ട് കൃഷ്ണ മൃഗങ്ങളിലൊന്ന് അമിതമായ ഭക്ഷണം കഴിച്ചതുകൊണ്ടാണ് ചത്തതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊന്നിന്റെ മരണ കാരണം വലിയ കുഴിയില്‍ വീണതുകൊണ്ടാണെന്നും പറയുന്നു.
ബിഷ്‌ണോയ് സമുദായത്തില്‍ പെട്ട തടവുകാര്‍ ഉള്ള ബാരക്കിലാണ് സല്‍മാന്‍ ഖാനെ പാര്‍പ്പിച്ചിരുന്നത്. ഇത് സല്‍മാന്‍ ഖാന്റെ ജീവന് സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നുണ്ട്. സല്‍മാനെ വധിക്കുമെന്ന് ഭീഷണി കോളുകള്‍ ലഭിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യത്തിനായി വാദിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല