സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വേനല്‍ക്കാലമെത്തുന്നു; രക്തമൂറ്റിക്കുടിക്കുന്ന ബ്ലാന്‍ഡ്‌ഫോര്‍ഡ് ഈച്ചകളെ കരുതിയിരിക്കണമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്. മനുഷ്യശരീരത്തില്‍ നിന്ന് രക്തമൂറ്റിക്കുടിക്കുന്ന ഇത്തരം പ്രാണികള്‍ക്ക് രണ്ടു മുതല്‍ മൂന്ന് മില്ലിമീറ്റര്‍ വരെയാണ് നീളം. ഈച്ചയുടെ ആകൃതിയിലും വലിപ്പത്തിലുമുള്ള ഇവ വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളിലാണ് വളര്‍ന്നു പെരുകുന്നത്.
ബ്ലാന്‍ഡ്‌ഫോര്‍ഡ് ഫ്‌ലയുടെ കുത്തേല്‍ക്കുന്നവര്‍ക്ക് ശരീരത്തില്‍ ചര്‍മ്മം കുമിളകളായി രൂപപ്പെടുകയും നീര് വയ്ക്കുന്ന അവസ്ഥയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹെറിഫോര്‍ഡ്‌ഷെയറിലാണ് നേരത്തെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വേനല്‍ കടുക്കുന്നതോടെ ഇത്തരം പ്രാണികളുടെ ശല്യം കൂടുതലുണ്ടാകുമെന്ന് ഹെറിഫോര്‍ഡ്‌ഷെയര്‍ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ കരണ്‍ റൈറ്റ് മുന്നറിയിപ്പ് നല്‍കുന്നു.
നദികള്‍ക്കും അരുവികള്‍ക്കും സമീപം സമയം ചെലവഴിക്കുന്നവര്‍ ശരീരം കൂടുതല്‍ മറയ്ക്കുകയോ റിപ്പല്ലന്റുകള്‍ ഉപയോഗിക്കുകയോ ചെയ്യണമെന്നും റൈറ്റ് നിര്‍ദേശിച്ചു. സാധാരണ നിലയില്‍ ഇത്തരം പ്രാണികളുടെ കുത്തേല്‍ക്കുന്നവര്‍ക്ക് ഇതിന്റെ ലക്ഷണങ്ങള്‍ ഒരാഴ്ചയോളം തുടരും. എന്നാല്‍ ചികിത്സക്കായി ജിപിയെ കാണേണ്ടതില്ലെന്നും എന്‍ എച്ച് എസിന്റെ 111 നമ്പറില്‍ വിളിയ്ക്കുകയോ ലോക്കല്‍ ഫാര്‍മസികളെ സമീപിക്കുകയോ ചെയ്താല്‍ മതിയെന്ന് എന്‍എച്ച്എസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല