സ്വന്തം ലേഖകന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ടീം ബസില്‍ സ്‌ഫോടനം, ഒരു കളിക്കാരന് പരുക്ക്, താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തെത്തുടര്‍ന്ന് ബൊറൂസിയയും മൊണോക്കോയും തമ്മില്‍ ഇന്നലെ നിശ്ചയിച്ചിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ആദ്യപാദമത്സരം ഇന്നത്തേക്കു മാറ്റി. സ്പാനിഷ് താരം മാര്‍കോ ബത്രയ്ക്കാണു പരുക്കേറ്റതെന്നാണു റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്ന് ക്ലബ്ബ് അധികൃതര്‍ സൂചന നല്‍കി.
മൊണോക്കോയുമായുള്ള ചാന്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി തയാറെടുക്കവെയാണ് ബസില്‍ പൊട്ടിത്തെറിയുണ്ടായത്. ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സ്‌ഫോടനം സ്ഥിരീകരിച്ചു. ടീം താമസിച്ചിരുന്ന ഹോട്ടലിനു താഴെ വച്ചാണ് സംഭവമെന്നാണു സൂചന. ബുധനാഴ്ച പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന മത്സരം നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
ടീം ബൊറൂസിയയുടെ തട്ടകമായ ഡോര്‍ട്ട്മുണ്ടിലെ സിഗ്‌നല്‍ ഇട്‌ന പാര്‍ക്ക് സ്‌റ്റേഡിയത്തിലേക്കു മത്സരത്തിനായി പുറപ്പെടാന്‍ തയാറെടുക്കുമ്പോഴാണ് ടീംബസിനു സമീപം സ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നതായി പോലീസ് അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചാല്‍ മാത്രമേ സ്‌ഫോടനത്തിന്റെ കാരണം വ്യക്താക്കാന്‍ കഴിയൂ എന്നാണ് പോലീസിന്റെ നിലപാട്.
അതേസമയം ക്ലബ് അധികൃതര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട ആദ്യ സന്ദേശത്തില്‍ ടീം സ്‌റ്റേഡിയത്തിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് സ്‌ഫോടനമെന്നും ഒരാള്‍ക്കു പരുക്കേറ്റതായും വ്യക്തമാക്കുന്നു. രണ്ടാമത്തെ ട്വീറ്റില്‍ ടീം താമസിച്ചിരുന്ന ഹോട്ടലിനു സമീപം ബോംബ് സ്‌ഫോടനമാണു നടന്നതെന്നും താരങ്ങള്‍ സുരക്ഷിതരാണെന്നും ക്ലബ് അധികൃതര്‍ വ്യക്തമാക്കി. ഹോട്ടലിനു മുന്നില്‍ ബസ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തിനു സമീപത്തെ തെരുവില്‍ സ്ഥാപിച്ചിരുന്ന ബോംബുകളാണു പൊട്ടിത്തെറിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല