സ്വന്തം ലേഖകന്‍: കിഴക്കന്‍ അഫ്ഗാന്‍ നഗരമായ ജലാലാബാദില്‍ ബോംബാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു. ഈ മേഖലയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. നഗരത്തിലെ ധനകാര്യ ഓഫിസിനു സമീപത്തായി രണ്ടു സ്‌ഫോടനങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരുകൂട്ടം അക്രമികള്‍ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുകയും ഇവരെ പിന്തുടര്‍ന്ന് സുരക്ഷാസേന സ്ഥലത്തെത്തുകയും അക്രമികളുമായി ഏറ്റുമുട്ടുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റുമുട്ടലില്‍ ആറുപേര്‍ മരിച്ചതിനു പുറമെ 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആയുധധാരികളായ അക്രമകാരികളെ കണ്ട് പരിഭ്രാന്തരായ ജനക്കൂട്ടം ചിതറിയോടിയതും കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായി. ഈ പ്രദേശത്തെ ചില ഭാഗങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലാണ്. താലിബാനും ഇവിടെ സജീവമാണ്. ചാവേര്‍ ബോംബുകളും തോക്കുധാരികളും രണ്ട് കാബൂള്‍ പൊലീസ് സ്‌റ്റേഷനുകള്‍ക്ക് നേരെ ബുധനാഴ്ച ആക്രമണം അഴിച്ചു വിടുകയും ഇതില്‍ 10 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അഫ്ഗാന്‍ തെരഞ്ഞെടുപ്പ് ഒക്‌ടോബറില്‍ നടത്താന്‍ തീരുമാനിച്ചതിനു ശേഷം രാജ്യത്ത് അങ്ങോളമിങ്ങോളം വോട്ടര്‍ രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ ലക്ഷ്യംവെച്ച് നിരവധി ആക്രമണ പരമ്പരകളാണ് ഏപ്രിലില്‍ നടന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് ഭീകരര്‍ ഭീഷണി മുഴക്കിയിട്ടുമുണ്ട്. ഏപ്രില്‍ 30 ന് നടന്ന ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല