സ്വന്തം ലേഖകന്‍: അമേരിക്കയെ നടുക്കി ന്യൂജേഴ്‌സിയിലും ചെല്‍സിയിലും സ്‌ഫോടന പരമ്പര, 29 പേര്‍ക്ക് പരുക്ക്. ന്യൂയോര്‍ക്കിനു സമീപമുള്ള ചെല്‍സിയില്‍ ഉണ്ടായ സ്‌ഫോടനത്തിലാണ് 29 പേര്‍ക്കു പരിക്കേറ്റത്. ന്യൂജേഴ്‌സിയില്‍ ഗാര്‍ബേജ് ക്യാനിനുള്ളില്‍വച്ച പൈപ് ബോംബ് പൊട്ടിത്തെറിച്ച് മണിക്കൂറിനുള്ളിലാണ് ചെല്‍സിയിലും സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 8.30ഓടെയാണ് മന്‍ഹാട്ടനിലെ ചെല്‍സിയില്‍ തിരക്കേറിയ ജനവാസ കേന്ദ്രത്തില്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിനു പിന്നില്‍ തീവ്രവാദികളായിരിക്കുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡെ ബ്ലാസിയോ പറഞ്ഞു. സ്‌ഫോടനം കൃത്യമായ ഉദ്ദേശ്യത്തോടെയാണു നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ന്യൂജേഴ്‌സിയിലെ സ്‌ഫോടനവുമായും ഇതിനു ബന്ധമില്ലെന്ന് ബ്ലാസിയോ അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ഫെഡറര്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറിയിച്ചു. അതേസമയം, 190 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ പങ്കെടുക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലി ഇന്ന് ആരംഭിക്കാനിരിക്കയാണ്. കൂടാതെ ന്യൂജേഴ്‌സി സീസൈഡ് പാര്‍ക്കില്‍ ചാരിറ്റിയുടെ ഭാഗമായി അഞ്ച് കിലോമീറ്റര്‍ കൂട്ടയോട്ടം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സ്‌ഫോടനം. സംഭവത്തെ തുടര്‍ന്ന് കൂട്ടയോട്ടം ഉപേക്ഷിച്ചതായി സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല