സ്വന്തം ലേഖകൻ: അസ്ട്രാസെനക വാക്സീൻ സ്വീകരിക്കുന്ന ചിലരിൽ രക്തം കട്ടപിടിക്കുന്നതിന് വാക്സീനുമായി ബന്ധമുണ്ടാകാമെന്ന നിലപാടു മാറ്റവുമായി യൂറോപ്യൻ മെഡിസിൻസ് ഏജൻസി(ഇഎംഎ). അതേസമയം, ഇതു സംബന്ധിച്ചു വ്യക്തമായ സൂചനകളില്ലെന്നും വാക്സീൻ നൽകുന്ന ഗുണഫലവുമായുള്ള താരതമ്യത്തിൽ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം നേരിയതാണെന്നും ഇഎംഎ വിലയിരുത്തുന്നു.
ഇതുകൊണ്ടു തന്നെ അസ്ട്രാസെനക വാക്സീൻ ഉപയോഗിക്കുന്നതിനു തൽക്കാലം നിയന്ത്രണമില്ല. 18 വയസ്സിനു മുകളിലുള്ള ആർക്കും വാക്സീൻ സ്വീകരിക്കാമെന്നതാണ് യൂറോപ്യൻ യൂണിയന്റെ നിലപാട്. രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം നേരിയതു മാത്രമാണെന്നും വാക്സീൻ നൽകുന്ന മെച്ചമാണ് കൂടുതലെന്നും യുകെയിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയും വ്യക്തമാക്കി. . ഗുണഫലമാണ് കൂടുതലെന്ന് ലോകാരോഗ്യ സംഘടനയും വിലയിരുത്തിയിട്ടുണ്ട്.
കോടിക്കണക്കിനു പേർ സ്വീകരിച്ച വാക്സീനിൽ 100ൽ താഴെ ആളുകൾക്കാണ് രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം റിപ്പോർട്ട് ചെയ്തത്. ഇതേസമയം, 18–29 പ്രായക്കാർക്ക് അസ്ട്രാസെനക വാക്സീനു പകരം സാധ്യമാകുന്നിടത്തോളം മറ്റ് ഏതെങ്കിലും വാക്സീൻ നൽകുന്നതാണ് അഭികാമ്യമെന്ന് ബ്രിട്ടനിലെ വാക്സീൻ ഉപദേശക സമിതി (ജെസിവിഐ) നിർദേശിച്ചു. അസ്ട്രാസെനക വാക്സീൻ സ്വീകരിച്ചവരിൽ ചിലർക്ക് രക്തം കട്ട പിടിക്കുന്ന പ്രശ്നമുണ്ടായതിനെ തുടർന്നാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല