എന്‍എച്ച്എസ് ബ്ലഡ് ബാങ്കുകളിലേക്ക് രക്തദാനം നടത്തുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ കുറവു വന്ന സാഹചര്യത്തില്‍ രക്തദാതാക്കളെ ആകര്‍ഷിക്കാനുള്ള ക്യാംപെയിന്‍ നടത്തുകയാണ് എന്‍എച്ച്എസ്. 204,000 രക്തദാതാക്കളെ വോളന്റീയര്‍മാരായി ലഭിക്കുന്നതിനാണ് എന്‍എച്ച്എസ് ക്യാംപെയിന്‍ നടത്തുന്നത്. 2004-05 കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ 2014-15 ല്‍ രക്തദാനത്തിനായി സന്നദ്ധത കാണിച്ചവരുടെ എണ്ണത്തില്‍ 12,000 ആളുകളുടെ കുറവുണ്ടായി. ഈ കുറവ് പരിഹരിക്കുന്നത് ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ ക്യാംപെയിന്‍ നടത്തുന്നത്.
ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടി വരുന്ന തിരക്കുകള്‍, സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം, ജോലി സ്ഥലത്തേക്കും മറ്റമുള്ളു ദൈര്‍ഘ്യമേറിയ യാത്രകള്‍ എന്നിവയാണ് ആളുകളെ രക്തദാനത്തില്‍നിന്ന് പിന്നോട്ട് വലിക്കുന്നതെന്നാണ് എന്‍എച്ച്എസ് വിലയിരുത്തല്‍.
ഇംഗ്ലണ്ടിലും വെയ്ല്‍സിലും മാത്രമല്ല സ്‌കോട്ട്‌ലന്‍ഡിലും സമാനമായ സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. രക്തദാനത്തിന് സന്നദ്ധരായ ആളുകളുടെ എണ്ണത്തില്‍ അവിടെയും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളില്‍ രക്തദാനം ചെയ്യുന്നത് മൂന്ന് മുതല്‍ നാല് ശതമാനം വരെ മാത്രമാണ്. ഈ വര്‍ഷത്തേക്കുള്ള സ്റ്റോക്ക് ബ്ലഡ് ബാങ്കുകളില്‍ ഉണ്ടെങ്കിലും വരും വര്‍ഷങ്ങളെ മുന്നില്‍ കണ്ടുള്ള ക്യാംപെയിനാണ് ഇപ്പോള്‍ നടത്തുന്നത്.
50 കിലോഗ്രാമിന് മേല്‍ ശരീരഭാരമുള്ള 17 മുതല്‍ 65 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് രക്തദാനം ചെയ്യാം. പുരുഷന്മാര്‍ക്ക് ഒരു വര്‍ഷത്തില്‍ നാല് തവണയും സ്ത്രീകള്‍ക്ക് മൂന്ന് തവണയും രക്തദാനം ചെയ്യാം. ഓരോ തവണയും 470 മില്ലീ ലിറ്റര്‍ രക്തമാണ് എടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല