ഉറങ്ങുന്നതിന് മുന്‍പ് ഫോണില്‍ മെയിലോ നോക്കുന്ന ശീലമുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്ക് ഉറക്കം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞര്‍. സ്‌ക്രീനില്‍ നിന്നുളള നീല ലൈറ്റ് ഉറക്കം കളയുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം വെളിച്ചം പകല്‍ സമയത്തെ പോലുളളതായതിനാല്‍ ഇത് പകല്‍ സമയം ആണെന്ന് തലച്ചോറ് തെറ്റിദ്ധരിക്കുന്നതാണ് ഉറക്കം ലഭിക്കാതിരിക്കുന്നതിനുളള പ്രധാന കാരണം.
തലച്ചോര്‍ ഉത്പാദിപ്പിക്കുന്ന മെലാടോണിന്‍ എന്ന രാസവസ്തുവാണ് ഉറക്കം കിട്ടാന്‍ സഹായിക്കുന്നത്. എന്നാല്‍ നീല വെളിച്ചം ഈ രാസവസ്തുവിന്റെ ഉത്പാദനം തടയുന്നതിനാലാണ് ഉറക്കം ലഭിക്കാത്തത്. പകല്‍ വെളിച്ചം ഈ രാസവസ്തുവിന്റെ ഉത്പാദനം തടയുന്നതിനാലാണ് പകല്‍ മനുഷ്യന്‍ ഉണര്‍ന്നിരിക്കുന്നത്. എന്നാല്‍ ഓറഞ്ചോ, ചുവപ്പോ ടോണിലുളള വെളിച്ചം മെലാടോണിന്റെ ഉത്പാദനത്തെ തടയുന്നില്ലെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട. പകല്‍ അവസാനിക്കാന്‍ പോകുന്നു എന്ന മെസ്സേജാണ് ഈ വെളിച്ചം തലച്ചോറിന് നല്‍കുന്നത്.
കമ്പ്യൂട്ടര്‍ സ്‌ക്രീനോ, ടെലിവിഷന്‍ സ്‌ക്രീനിലോ, മൊബൈല്‍ ഫോണ്‍ സ്‌ക്രീനിലോ രാത്രിയില്‍ നോക്കിയിരിക്കുന്നത് ഉറക്കം നശിപ്പിക്കുമെന്ന് ന്യൂറോളജിസ്റ്റുകള്‍ നേരത്തെ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ മൊബൈലുകളും ടാബ് ലെറ്റുകളും എവിടേയും കൊണ്ടുനടക്കാമെന്ന് വന്നതോടെയാണ് ആളുകള്‍ ഉറങ്ങാന്‍ നേരവും ഇത് കൈയ്യില്‍ കരുതുന്നത്. ടെലിവിഷന്‍ സ്‌ക്രീനിനേക്കാളും കമ്പ്യൂട്ടര്‍ സ്‌ക്രീനിനേക്കാളും മൊബൈല്‍ സ്‌ക്രീന്‍ കണ്ണിനോട് ഏറെ ചേര്‍ന്നിരിക്കുന്നതിനാല്‍ അവ കണ്ണുകള്‍ക്ക് കൂടുതല്‍ ആയാസം നല്‍കുകയും ചെയ്യുന്നു. ന്യൂയോര്‍ക്കിലെ റെന്‍സെല്ലിയര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ ലൈറ്റനിംഗ് റിസര്‍ച്ച് സെന്റര്‍ ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
രാത്രി രണ്ട് മണിക്കൂറിലേറെ ടാബ് ലെറ്റ് സ്‌ക്രീനില്‍ നോക്കിയിരുന്നാല്‍ മെലാടോണിന്‍ ലെവല്‍ താഴാന്‍ സാധ്യതയുണ്ടെന്നും അത് ഉറക്കം കളയുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരിയായ ഉറക്കം ലഭിക്കണമെന്ന ആഗ്രഹമുളളവരാണോ നിങ്ങള്‍ എങ്കില്‍ കിടക്കുന്നതിന് മുന്‍പ് ടിവി, കമ്പ്യൂട്ടര്‍, ടാബ് ലെറ്റ്, മൊബൈല്‍ എല്ലാം ഓഫാക്കിയിട്ട് കിടക്കൂ, സുഖകരമായ ഉറക്കം ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല