1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2024

സ്വന്തം ലേഖകൻ: ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങി പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ്-25 (എന്‍.എസ്-25) എന്ന ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹം ബഹിരാകാശത്തേക്ക് പോകുന്നത്. ഗോപീചന്ദിന് പുറമെ 90-കാരനായ എഡ് ഡ്വിറ്റ് ഉള്‍പ്പെടെ അഞ്ചുപേർ കൂടി ദൗത്യത്തിൽ ഉണ്ട്.

ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് വിക്ഷേപണം. അമേരിക്കയിലെ വെസ്റ്റ് ടെക്‌സാസിലുള്ള ബ്ലൂ ഒറിജിനിന്റെ ലോഞ്ച് സൈറ്റ് വണ്ണില്‍ (കോണ്‍ റാഞ്ച്) നിന്നാണ് എന്‍.എസ്-25 കുതിച്ചുയരുക. ഇതിന്റെ തത്സമയ സംപ്രേക്ഷണം ബ്ലൂ ഒറിജിനിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഉണ്ടാകും. മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിനിന്റെ ഏഴാമത് ബഹിരാകാശ ദൗത്യമാണ് ഇത്.

ആന്ധ്ര പ്രദേശിലെ വിജയവാഡയിലാണ് ഗോപീചന്ദ് തോട്ടകുര ജനിച്ചത്. വളരെ ചെറുപ്പം തൊട്ടുതന്നെ ആകാശത്തോടും പറക്കലിനോടും അഭിനിവേശമുണ്ടായിരുന്നയാളാണ് ഗോപീചന്ദ്. ഡ്രൈവിങ് പഠിക്കുന്നതിന് മുമ്പ് തന്നെ വിമാനം പറത്താനാണ് ഗോപീചന്ദ് പഠിച്ചത്. വ്യോമയാന രംഗത്തോടുള്ള അഭിനിവേശം കൊണ്ടുതന്നെ എംബ്രി-റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എയറോനോട്ടിക്കല്‍ സയന്‍സില്‍ ബിരുദവും അദ്ദേഹം നേടി.

വാഹനമോടിക്കാന്‍ പഠിക്കുന്നതിന് മുമ്പ് തന്നെ പറക്കാന്‍ പഠിച്ച പൈലറ്റും ഏവിയേറ്ററുമാണ് ഗോപി എന്നാണ് ബ്ലൂ ഒറിജിന്‍ ഗോപിചന്ദിനെ പരിചയപ്പെടുത്തുന്നത്. ബുഷ് വിമാനങ്ങള്‍, എയറോബാറ്റിക് വിമാനങ്ങള്‍, സീ പ്ലേനുകള്‍, ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയെല്ലാം പറത്താന്‍ ഗോപിചന്ദ് വിദഗ്ദനാണ്. അന്താരാഷ്ട്ര മെഡിക്കല്‍ ജെറ്റ് പൈലറ്റായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഹാര്‍ട്ട്ഫീല്‍ഡ് ജാക്സണ്‍ പ്രിസര്‍വ് ലൈഫ് കോര്‍പ്പ് എന്ന സ്ഥാപനം നടത്തിവരികയാണ് ഈ 30-കാരന്‍.

ഗോപീചന്ദ് തോട്ടകുര | Photos: 1. x.com/UrsShareef1, 2. x.com/BharatTechIND
ഇതുവരെ 31 പേരാണ് ബ്ലൂ ഒറിജിനിന്റെ ദൗത്യങ്ങളിലൂടെ, ഭൂമിയുടെ അന്തരീക്ഷത്തേയും ബഹിരാകാശത്തേയും വേര്‍തിരിക്കുന്ന കര്‍മന്‍ രേഖ മറികടന്നത്. ഇന്നത്തെ ദൗത്യം പൂര്‍ത്തിയാകുന്നതോടെ ഈ പട്ടികയിലേക്ക് ഗോപീചന്ദ് ഉള്‍പ്പെടെയുള്ളവരുചടെ പേര് കൂടി ചേര്‍ക്കപ്പെടും. ന്യൂ ഷെപ്പേഡിന്റെ 25-ാം ദൗത്യമാണ് ഞായറാഴ്ച വിക്ഷേപിക്കുന്നത്.

ഗോപീചന്ദിന് പുറമെ അമേരിക്കക്കാരായ മേസണ്‍ ഏന്‍ജല്‍, എഡ് ഡ്വിറ്റ്, കെന്നെത് ഹെസ്, കരോള്‍ ഷല്ലെര്‍ എന്നിവരും ഫ്രഞ്ച് സംരംഭകനായ സില്‍ ചിരോണുമാണ് ദൗത്യത്തിലുള്ളത്. ഷല്ലറാണ് കൂട്ടത്തിലെ ഏകവനിത. ഈ ആറ് പേരുടേയും ആദ്യ ബഹിരാകാശയാത്രയാണ് ഇത്.

ന്യൂ ഷെപ്പേഡ്-25 ദൗത്യത്തിന്റെ ഭാഗമായ ആറുപേർ | Photo: x.com/blueorigin
കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ യാത്രികനാണ് കറുത്ത വര്‍ഗക്കാരനായ എഡ് ഡ്വിറ്റ്. 90 വയസും എട്ട് മാസവും പത്ത് ദിവസവുമാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കൃത്യമായ പ്രായം. എഴുത്തുകാരനും ശില്‍പ്പിയും അമേരിക്കന്‍ വ്യോമസേനയിലെ മുന്‍ പൈലറ്റുമാണ് എഡ്.

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി വ്യോമസേനയുടെ പരിശീലന പരിപാടിയില്‍ പ്രവേശനം നേടുന്ന ആഫ്രിക്കന്‍-അമേരിക്കന്‍ കൂടിയാണ് അദ്ദേഹം. 1960-കളില്‍ വ്യോമസേനയില്‍ നിന്ന് ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്ത നാസയുടെ പ്രക്രിയയില്‍ നിന്ന് എഡ് ഡ്വിറ്റിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തനിക്ക് നിഷേധിക്കപ്പെട്ട അവസരമാണ് എന്‍.എസ്-25 ദൗത്യത്തിലൂടെ എഡ്ഡിനെ തേടി വീണ്ടുമെത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.