സ്വന്തം ലേഖകന്‍: കൊലയാളി ഗെയിം ബ്ലൂവെയിലിന്റെ പുതിയ അഡ്മിനായ 17 കാരി റഷ്യയില്‍ പിടിയില്‍. കിഴക്കന്‍ റഷ്യയിലെ ഹബാറോസ്‌കി ക്രയ്‌യിലില്‍ നിന്നാണ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചാലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തി.
മിക്ക ഫോട്ടോകളും ശരീരത്തില്‍ ബ്ലേഡു കൊണ്ട് മുറിച്ചതിന്റെയാണ്. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. ബ്ലൂവെയ്ല്‍ ചാലഞ്ചിന്റെ അഡ്മിന്‍ സ്ഥാനത്ത് ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി പിടിയിലാകുന്നത്. ഈ ചാലഞ്ച് മാധ്യമസൃഷ്ടിയാണെന്ന ചര്‍ച്ചകള്‍ റഷ്യയില്‍ ഉള്‍പ്പെടെ ചൂടുപിടിക്കുമ്പോഴാണ് പുതിയ തെളിവുകളുമായി ആഭ്യന്തരമന്ത്രാലയം തന്നെ രംഗത്തു വന്നിരിക്കുന്നത്.
50 ഘട്ടങ്ങളായുള്ള ‘വെല്ലുവിളികള്‍’ പൂര്‍ത്തിയാക്കി ഒടുവില്‍ ആത്മഹത്യയിലേക്കു നയിക്കുന്നതാണ് ബ്ലൂവെയ്ല്‍ ചാലഞ്ച്. പാതി വഴിയില്‍ ഈ ഗെയിം നിര്‍ത്തിയാല്‍ കളിക്കുന്നയാളെയോ വീട്ടുകാരെയോ ബന്ധുക്കളെയോ കൊല്ലപ്പെടുത്തുമെന്ന് ഒരു ഡസനിലേറെ പേര്‍ക്ക് ഈ പെണ്‍കുട്ടി മരണ സന്ദേശം അയച്ചതായാണ് സൂചന. നേരത്തെ ഗ്രൂപ്പില്‍ ഗെയിം കളിച്ചിരുന്ന പെണ്‍കുട്ടി തുടര്‍ന്ന് അഡ്മിന്‍ ആകുകയായിരുന്നു. ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്കിനെ നേരത്തെ മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല