സ്വന്തം ലേഖകൻ: മുംബൈ പോലീസ് ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘത്തെ ഒന്നരമണിക്കൂർ കുരങ്ങുകളിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ താരമായ അശ്വഘോഷ് സൈന്ധവിനെ പോലെയാകണം ഓരോരുത്തരുമെന്ന് കേരള പോലീസ്. നിരന്തരം വാർത്തകൾ വന്നിട്ടും പിന്നെയും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ബോധവത്കരണ തന്ത്രവുമായി പോലീസ് രംഗത്തെത്തിയത്.
ഇത്തരമൊരു കോൾ നിങ്ങൾക്കും വരാം. ഡിജിറ്റൽ അറസ്റ്റ് എന്നൊരു സംഭവമേ ഇന്ത്യയിൽ ഇല്ല. ഇത്തരം കോളുകൾ വന്നാൽ അശ്വഘോഷ് ചെയ്തപോലെ നേരിടണം. ഇത്തരം തട്ടിപ്പുകാരോട് നിങ്ങൾ പ്രതികരിക്കുന്നത് എങ്ങനെയാണ് എന്നറിയാൻ കേരള പോലീസിന് കൗതുകമുണ്ട്. നിങ്ങൾ പ്രതികരിക്കുന്ന രീതി വീഡിയോയിൽ പകർത്തൂ. എന്നിട്ട് കേരള പോലീസിന്റെ ഇൻബോക്സിൽ അയച്ചുതരൂ. ഏറ്റവും മികച്ച രീതിയിൽ തട്ടിപ്പുകാരെ നേരിടുന്നരുടെ വീഡിയോ കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്യുന്നതാണ്-പോലീസ് അറിയിക്കുന്നു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുവന്ന സൈബർ തട്ടിപ്പ് കോൾ ആണ് തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ അശ്വഘോഷ് സൈന്ധവ് എന്ന വിദ്യാർഥി പൊളിച്ചടുക്കിയത്. സൈബർ സെക്യൂരിറ്റി കോഴ്‌സ് പഠിക്കുന്ന അശ്വഘോഷ് താൻ എം.എ., എം.എസ്‌സി., പിഎച്ച്.ഡി. ബിരുദധാരിയാണെന്ന് തട്ടിപ്പുകാരോട് പറയുന്നു.
”ഞാൻ ഗൂഗിൾ പ്രൊഫഷണൽ ആണ് സർ, ഗൂഗിൾ സി.ഇ.ഒ.യുടെ അസിസ്റ്റന്റാണ്. മണിലോണ്ടറി എനിക്ക് അറിയില്ല, തുണി ലോണ്ടറി മാത്രമേ അറിയൂ… കാർഡ് ബോർഡ് എടുത്ത് ഞാനൊന്നു വീശിക്കോട്ടെ… വീശൽ ലൈക്ക് ദിസ്.”-തുടങ്ങിയ രസകരമായ വാചകങ്ങളിലൂടെയാണ് കുരങ്ങുകളിപ്പിക്കുന്നത്. ഒടുക്കം തൃശ്ശൂർ പോലീസ് ഇത്തരം തട്ടിപ്പുകാർക്കെതിരേ ജാഗ്രത പുലർത്താനായി തയ്യാറാക്കിയ വീഡിയോ അവർക്ക് കാണിച്ചുകൊടുക്കുമ്പോൾ തട്ടിപ്പുകാർ സ്ഥലംവിടുന്നു.
പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ തന്നെ മൂന്നുലക്ഷത്തോളംപേർ ഈ വീഡിയോ കണ്ടു. 572 പേർ വീഡിയോ പങ്കുവെച്ചു. ഓൺലൈൻ മാധ്യമങ്ങൾ വഴി വേറെയും.
കടുവായെ പിടിച്ച ഇവൻ കിടുവ എന്ന് സാമൂഹിക മാധ്യമങ്ങൾ അശ്വഘോഷിനെ ഏറ്റെടുത്തു. ഇത് കേരളമാണ് ഭയ്യാ, കേരളത്തിലെ പിള്ളേരോട് കളിക്കരുത് എന്ന പഞ്ച് ഡയലോഗും ഇതിനകം ഹിറ്റായിക്കഴിഞ്ഞു. ഇങ്ങനെ തട്ടിപ്പുകാർ വന്നാൽ വിവേകപൂർവം പെരുമാറി നിങ്ങൾക്കും താരമാകാം എന്നാണ് പോലീസ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല