സ്വന്തം ലേഖകൻ: കഴിഞ്ഞ അറുപത് വര്‍ഷക്കാലത്തെ ചരിത്രത്തിലാദ്യമായി, സമരത്തിനിറങ്ങാന്‍ ഇംഗ്ലണ്ടിലെ ജി പിമാര്‍ തയ്യാറായെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ ( ബി എം എ) അറിയിച്ചു. ഫണ്ടിംഗ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കവെയാണ് സമരം. പ്രതിദിനം 25 രോഗികളെ മാത്രം നോക്കുക എന്ന് തുടങ്ങി വര്‍ക്ക് ടു റൂള്‍ നയത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള സമരവും പരിഗണനയിലുണ്ടെന്നാണ് പൂറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്നലെ, ആഗസ്റ്റ് 1 ന് ആയിരുന്നു ബി എം എ ഇക്കാര്യം സ്ഥിരീകരിച്ചത്. പൂര്‍ണ്ണമായ ഒരു പണി മുടക്കിനായിരുന്നു ജി പിമാര്‍ വോട്ട് ചെയ്തതെങ്കിലും വര്‍ക്ക് ടു റൂള്‍ സമരത്തിനും തയ്യാറാണെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അവലംഭിക്കേണ്ട 10 സമര മുറകള്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍, വ്യക്തിഗതമായ പ്രാക്ടീസ് അനുവദിക്കുകയും അതോടൊപ്പം, ഏതറ്റം വരെ സമരത്തില്‍ സഹകരിക്കണം എന്ന് തീരുമാനിക്കാനുള്ള സാതന്ത്ര്യവും ഉറപ്പ് നല്‍കുന്നു.
പരിശോധിക്കുന്ന രോഗികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് മുതല്‍, നേരിട്ടല്ലാതെയുള്ള കണ്‍സള്‍ട്ടേഷന്‍ ഒഴിവാക്കുക, രോഗികളുടെ വിവരങ്ങള്‍, രോഗികളുടെ താത്പര്യത്തിനാണെങ്കില്‍ കൂടി പങ്കുവയ്ക്കാതിരിക്കുക എന്നതു വരെയുള്ള വിവിധ സമര മാര്‍ഗ്ഗങ്ങളാണ് ബി എം എ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തീര്‍ത്തും നിരാശയോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ബി എം എ യുടെ ജി പി കമ്മിറ്റിയെ നയിക്കുന്ന ഡോക്ടര്‍ കാറ്റി ബ്രാമാല്‍ – സ്റ്റെയ്‌നര്‍ പറഞ്ഞു. തങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള സേവനം കഴിഞ്ഞ കുറേ നാളുകളായി നല്‍കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു.
പ്രാഥമിക ആരോഗ്യ സംരക്ഷണ മേഖലയുടെ തകര്‍ച്ചയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് അവര്‍ പറഞ്ഞത്, ജനറല്‍ പ്രാക്ടീസ് തകര്‍ന്നടിയുന്നതിന് തങ്ങള്‍ ദൃക്സാക്ഷികളാവുകയാണ് എന്നായിരുന്നു. കഴിഞ്ഞ ചില സര്‍ക്കാരുകളുടെ പ്രവര്‍ത്തനഫലമായി കുടുംബ ഡോക്ടര്‍ എന്ന സങ്കല്‍പം തന്നെ തുടച്ചു നീക്കപ്പെട്ടു. അതിന്റെ അനന്തരഫലങ്ങള്‍ ഇപ്പോള്‍ രോഗികളാണ് അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു. സമൂഹത്തില്‍ വലിയ ആഘാതമുണ്ടാക്കാത്ത രീതിയിലായിരിക്കും സമരമെന്നു ബി എം എ വക്താവ് അറിയിച്ചു.
പ്രാഥമിക ആരോഗ്യ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദവും ഒപ്പം, ഇംഗ്ലണ്ടിലങ്ങോളമിങ്ങോളം പല പ്രാക്ടീസുകള്‍ നിര്‍ത്തലാക്കിയതും ജനങ്ങള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും, ഏറെ തിരക്ക് പിടിച്ച് ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിലേക്ക് എത്താന്‍ ഇടയാക്കുന്നു എന്ന് എന്‍ എച്ച് എസ് പ്രൊവൈഡെഴ്സ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് സാഫ്രന്‍ കോര്‍ഡെറി പറയുന്നു. ഇന്നലത്തെ സമര പ്രഖ്യാപനത്തോടെ ഇത്തരത്തില്‍ എ ആന്‍ഡ് ഇ യില്‍ എത്തുന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല