ലണ്ടന്‍: നോര്‍വന്‍ കൂട്ടക്കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ആന്റേഴ്‌സ് ബ്രെവിക്കിന് പ്രചോദനമായ ഗായികയ്ക്ക് ബി.എന്‍.പി ചീഫ് ക്രിസ് ഹേസ്റ്റിന്റെ നാസി സല്യൂട്ട്. ഹംഗറിയില്‍ നടന്ന റാലിക്കിടെ സാഗ ആലപിച്ച ആന്റേഴ്‌സണിന്റെ പ്രിയ ഗാനം ‘ സീഗ് ഹെയ്ല്‍’ എന്നുറക്കെ പാടിക്കൊണ്ടാണ് ഹേസ്റ്റ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
സ്വീഡിഷ് ഗായിക സാഗയുടെ വംശീയ ധ്വനിയുള്ള വരികള്‍ ബ്രവിക്കിനെ ഏറെ സ്വാധീനിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് സണ്‍ സംഘം ചോദിച്ചപ്പോഴാണ് ഹേസ്റ്റ് ഇക്കാര്യം പറഞ്ഞത്. ആര്യന്‍ പരമാധികാരത്തിന്റെ ശക്തിയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അനുയായികളെ ആഹ്വാനം ചെയ്യുന്ന സാഗയുടെ ഗാനമാണ് ബ്രവിക്കിനെ സ്വാധീനിച്ചത്. നിങ്ങളുടെ കുഞ്ഞ് കാണാനാഗ്രഹിക്കുന്ന സൂചനകള്‍ ഞങ്ങള്‍ക്ക് തരിക പിതാവേ. ലോകം എന്റേതാകുമ്പോള്‍ പ്രഭാതം വരും. നാളകള്‍ എന്റേതാണ് എന്നവരികളോടെയാണ് ഗാനം അവസാനിക്കുന്നത്.
കുടിയേറ്റത്തെ പിന്തുണക്കുന്നവര്‍ക്ക് തിരിച്ചടി അത്യാവശ്യമാണെന്ന് ഹേസ്റ്റ് പറഞ്ഞു. പക്ഷേ അത് വെളുത്തവര്‍ഗക്കാരായ യുവാക്കളെ കൊന്നുകൊണ്ടാവരുത്. 22 വയസുപ്രായമുള്ളവരെ വരെ കൊന്നൊടുക്കിയാല്‍ അത് ഭാവിയില്‍ വെള്ളക്കാരുടെ ജനസംഖ്യയെ ബാധിക്കും. അതിനാല്‍ പ്രത്യുല്പാദനത്തിനായി യുവാക്കളെ അവശേഷിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കൂട്ടക്കൊലയ്ക്ക് കാരണക്കാര്‍ ഇമിഗ്രേഷന്‍ വകുപ്പാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഇത് വെറുമൊരു മുന്നറിയിപ്പാണെന്നും പറഞ്ഞു. കുടിയേറ്റപ്രശ്‌നം മോശമാവുന്തോറും ഇത്തരം കൂടുതല്‍ ആക്രമണങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഹേസ്റ്റിന്റെ നേതൃത്വത്തില്‍ ഹംഗറിയില്‍ നടക്കുന്ന റാലി ബി.എന്‍.പിയുടെ ശക്തി വെളിപ്പെടുത്തുന്നതാണ്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകളാണ് റാലിയില്‍ പങ്കെടുക്കാനെത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിലുപരിയായി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്താനുള്ള ഇവരുടെ ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. ഹംഗേറിയന്‍ തലസ്ഥാന നഗരിയായ ബുഡാപെസ്റ്റില്‍ നിന്നും 25 മൈല്‍ അകലെയുള്ള വെറോസ് എന്ന ഉള്‍നാട്ടിലാണ് റാലി നടക്കുന്നത്. ഇവിടുത്തെ അന്തരീക്ഷവും വംശീയ വിഷം കലര്‍ന്നതാണ്. മൈതാനത്തിനടുത്തായി ഒരുക്കിയ സ്റ്റാളുകളില്‍ നാസി സ്മാരകങ്ങളും, മെയിന്‍ കാഫിന്റെ കോപ്പികളും, ഹിറ്റ്‌ലറിന്റെ ഫോട്ടോ പതിച്ച ബനിയനുകളും, മറ്റും സുലഭമാണ്. റാലിയില്‍ പങ്കെടുത്തവരെല്ലാം വെള്ളക്കാര്‍ പരമാധികാരത്തിലെത്തണമെന്ന മുദ്രാവാക്യങ്ങളും അത് സൂചിപ്പിക്കുന്ന ടാറ്റൂകളും പതിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല