ഫോര്‍ട്ട് കൊച്ചിയില്‍ യാത്രാ ബോട്ട് മുങ്ങി 6 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ഉച്ചയ്ക്ക് 1.45ഓടെയാണ് അപകടം ഉണ്ടായത്. ഫോര്‍ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് പോവുകയായിരുന്ന യാത്രാ ബോട്ടില്‍ മത്സ്യബന്ധനബോട്ട് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ടായി പിളര്‍ന്ന ബോട്ട് പൂര്‍ണമായും മുങ്ങി . അഴീക്കല്‍ സ്വദേശി സൈനബ, മട്ടാഞ്ചേരി സ്വദേശി സുധീര്‍, ഫോര്‍ട് കൊച്ചി സ്വദേശി വോള്‍ഗ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കപ്പല്‍ ചാലിനോട് ചേര്‍ന്ന് കമാലക്കടവിലായിരുന്നു അപകടം. ആഴവും അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ബോട്ടില്‍ വേണ്ടത്ര ലൈഫ് ജാക്കറ്റുകളില്ലായിരുന്നു. മുങ്ങിയ ബോട്ട് മണിക്കൂറുകള്‍ കഴിഞ്ഞാണ് പൊക്കിയെടുക്കാനായത്.
കൂടുതല്‍ പേര്‍ അപകടത്തിഷപ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ നേവിയും കോസ്റ്റുഗാര്‍ഡും കായലിലും അഴിമുഖത്തും തെരച്ചില്‍ നടത്തുന്നുണ്ട്. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തിലും അവ്യക്തതയുണ്ട്. 28 യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയതായാണ് ജലഗതാഗതവകുപ്പിന്റെ കണക്കുകളിലുളളത്. എന്നാല്‍ ബോട്ടില്‍ അതില്‍ക്കൂടുതല്‍പ്പേര്‍ ഉണ്ടായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരുക്കേറ്റവരെ എറണാകുളത്തും ഫോര്‍ട്ടു കൊച്ചിയിലുമുളള വിവിധ ആശുപത്രികളില്‍പ്രവേശിപ്പിച്ചു. ഇവരില്‍ എട്ടുപേരുടെ നിലഗുരുതരമാണ്. ഡീസല്‍ കലര്‍ന്ന വെളളം ശ്വാസകോശത്തിലെത്തിയവരാണ് ഗുരുതരാവസ്ഥയിലുളളത്. സംഭവത്തിന് തൊട്ടുപിന്നാലെ പ്രദേശവാസികളെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ കരയ്‌ക്കെത്തിച്ചത്. പിന്നാലെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നേവിയും കോസ്റ്റുഗാര്‍ഡും രംഗത്തെത്തി. കൊച്ചി കോര്‍പറേഷന്‍ കരാര്‍ നല്‍കിയ സ്വകാര്യ ഫെറി സര്‍വീസ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല