സ്വന്തം ലേഖകന്‍: ഗ്രീസിലെ ക്രെറ്റക്കു സമീപം അഭയാര്‍ഥി ബോട്ട് മുങ്ങി 400 ലധികം പേരെ കാണാതായി. ഗ്രീക്ക് ദ്വീപായ ക്രെറ്റക്കു സമീപം തെക്കന്‍ ഈജിയന്‍ കടലിലാണ് 700 ലധികം അഭയാര്‍ഥികളെ കുത്തിനിറച്ച ബോട്ട് മുങ്ങിയത്. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
700 ലധികം പേരാണു ബോട്ടില്‍ ഉണ്ടായിരുന്നതെന്നും 300 പേരെ രക്ഷപ്പെടുത്തിയതായും ഗ്രീക്ക് തീര രക്ഷാ സേന അറിയിച്ചു. ക്രെറ്റക്ക് 75 നോട്ടിക്കല്‍ മൈല്‍ തെക്കാണ് അപകടം നടന്നത്. തീര രക്ഷാ സേനയുടെ രണ്ട് പട്രോള്‍ ബോട്ടുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി വിനിയോഗിച്ചിട്ടുണ്ട്. ഈ മേഖലയിലൂടെ പോകുന്ന യാത്രാക്കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ഗ്രീക്ക് അധികൃതര്‍ പറഞ്ഞു.
30 മീറ്റര്‍ മാത്രം നീളമുള്ള ബോട്ടില്‍ 700 പേര്‍ തിങ്ങിഞെരുങ്ങിയാണു യാത്ര ചെയ്തതെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയും ഇവിടെ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങിയിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ 205,000 അഭയാര്‍ഥികളാണ് യൂറോപ്പിലെത്തിയത്. 2,400 പേര്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടെയുള്ള യാത്രയ്ക്കിടെ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്നാണ് എകദേശ കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല