സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ അഭയാര്‍ഥികളുമായി മെഡിറ്ററേനിയനില്‍ മുങ്ങിയ ബോട്ടിലെ കൂടുതല്‍ മൃതദേഹങ്ങള്‍ തീരത്തടിയുന്നു. അനധികൃത കുടിയേറ്റക്കാരെ കുത്തിനിറച്ച് ലിബിയയില്‍നിന്നു ഇറ്റലിയിലേക്കു തിരിച്ച ബോട്ട് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങുകയായിരുന്നു. അപകടത്തില്‍ ഇതുവരെ മരിച്ച അഭയാര്‍ഥികളുടെ എണ്ണം 133 ആയിട്ടുണ്ട്.
കൊല്ലപ്പെട്ട അഭയാര്‍ഥികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അഞ്ച് കുട്ടികളുടെ മൃതദേഹങ്ങളും കണ്ടെടത്തിയതായി റെഡ്ക്രസന്റ് വക്താവ് അല്‍ ഖാമില്‍ അല്‍ ബോസാഫി അറിയിച്ചു. പടിഞ്ഞാറന്‍ ലിബിയന്‍ നഗരമായ സുവാരയുടെ തീരത്താണ് മൃതദേഹങ്ങള്‍ അടിഞ്ഞത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളില്‍ നിന്ന് രേഖകളൊന്നും ലഭ്യമായിട്ടില്ല.
ചീഞ്ഞളിഞ്ഞ നിലയിലാണ് മൃതദേഹങ്ങളെങ്കിലും സഹാറആഫ്രിക്ക മേഖലകളില്‍ നിന്നുള്ളവരുടേതാണെന്ന് വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു. ഗ്രീക്ക് ദ്വീപായ ക്രെറ്റക്കു സമീപം തെക്കന്‍ ഈജിയന്‍ കടലിലാണ് 700 ലധികം അഭയാര്‍ഥികളെ കുത്തിനിറച്ച ബോട്ട് മുങ്ങിയത്. ക്രെറ്റക്ക് 75 നോട്ടിക്കല്‍ മൈല്‍ തെക്കാണ് അപകടം നടന്നത്.
30 മീറ്റര്‍ മാത്രം നീളമുള്ള ബോട്ടില്‍ 700 പേര്‍ തിങ്ങിഞെരുങ്ങിയാണു യാത്ര ചെയ്തതെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയും ഇവിടെ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങിയിരുന്നു. തീര രക്ഷാ സേനയുടെ രണ്ട് പട്രോള്‍ ബോട്ടുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി വിനിയോഗിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല