സ്വന്തം ലേഖകന്‍: ട്രംപിന്റെ സാധ്യതാ പട്ടികയില്‍ അമുല്‍ താപ്പറും ബോബി ജിന്‍ഡാലും, പ്രതീക്ഷയോടെ ഇന്ത്യന്‍ വംശജര്‍. യുഎസ് സുപ്രീംകോടതി ജഡ്ജി നിയമനത്തിനു ഡോണാള്‍ഡ് ട്രംപ് തയാറാക്കിയ ചുരുക്കപ്പട്ടികയിലാണ് ഇന്ത്യന്‍ വംശജനായ അമുല്‍ താപ്പര്‍ ഇടംപിടിച്ചത്. സെപ്റ്റംബറില്‍ 21പേരുടെ പട്ടിക ട്രംപ് പുറത്തുവിട്ടിരുന്നു. ഇതില്‍ താപ്പറുടെ പേരുണ്ട്. താന്‍ പ്രസിഡന്റായാല്‍ ഈ പട്ടികയില്‍നിന്നായിരിക്കും ജഡ്ജിമാരെ നിയമിക്കുക എന്നു ട്രംപ് വ്യക്തമാക്കിയിരുന്നു.
യുഎസിന്റെ 45 മത്തെ പ്രസിഡന്റായി ജനുവരി 20ന് അധികാരമേല്‍ക്കുന്ന ട്രംപിന് തന്റെ ഭരണകാലയളവില്‍ മൂന്നു സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കാന്‍ അവസരം ലഭിക്കുമെന്നാണു കരുതപ്പെടുന്നത്. കെന്റക്കിയിലെ യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജിയാണ് 47കാരനായ താപ്പര്‍. സിന്‍സിനാറ്റി, ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റികളില്‍ നിയമവിദ്യാര്‍ഥികളെ പഠിപ്പിച്ചിട്ടുണ്ട്.ബര്‍ക്കിലിയിലെ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍നിന്നാണു താപ്പര്‍ നിയമബിരുദമെടുത്തത്.
അതേ സമയം ഇന്ത്യന്‍ വംശജനും യു.എസിലെ പ്രമുഖ വ്യവസായിയുമായ ബോബി ജിന്‍ഡാല്‍ ട്രംപിന്റെ മന്ത്രിസഭയിലുണ്ടാകുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിസഭാ അംഗമായാല്‍, ഈ പദവിയിലത്തെുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരിക്കും ബോബി ജിന്‍ഡാല്‍.
നേരത്തെ രണ്ടുതവണ ലൂയീസിയാന ഗവര്‍ണറായിരുന്ന ബോബിയെ ആരോഗ്യവകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് പരിഗണിക്കുന്നതെന്നാണ് സൂചന.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ബോബിയോടൊപ്പം പാര്‍ട്ടിയിലെ പ്രമുഖനായ ബെന്‍ കാഴ്‌സനെയും പരിഗണിക്കുന്നുണ്ട്. ഇരുവരും നേരത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നവരാണ്. എന്നാല്‍, മത്സരരംഗത്തുനിന്ന് പിന്മാറിയ ജിന്‍ഡാല്‍ പാര്‍ട്ടിയില്‍ ട്രംപിന്റെ എതിരാളിയായിരുന്ന ടെഡ് ക്രൂസിനെ പിന്തുണച്ചപ്പോള്‍, കാഴ്‌സണ്‍, ട്രംപിനെയാണ് പിന്തുണച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല