സ്വന്തം ലേഖകൻ: നടി ഹണി റോസ് രാവിലെ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പ്രസിദ്ധീകരിച്ച് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാകുന്നു. ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നും പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ എന്നും ഹണി റോസ് പേര് വെളിപ്പെടുത്താതെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഈ പണത്തിന്റെ ധാര്‍ഷ്ട്യത്താന്‍ സ്ത്രീകളെ അപമാനിക്കുന്നയാള്‍ ബോബി ചെമ്മണ്ണൂര്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ആരോപിക്കുന്നത്.
അടുത്തിടെ ബോച്ചെ നടി ഹണി റോസിനെ കുറിച്ച് പറഞ്ഞ ചില വാക്കുകള്‍ വലിയ രീതിയില്‍ വിവാദവും വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. ഒരു പൊതുവേദിയില്‍ വെച്ച് ബോബി ചെമ്മണ്ണൂര്‍ താരത്തിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഹണി റോസ് ബോബി ചെമ്മണ്ണൂരിനൊപ്പം ഒരേ വേദിയില്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവം നടന്നത്. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹണി റോസ്.
പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദര്‍ശിച്ചിരുന്നു. ഒരു നെക്ലേസ് കഴുത്തില്‍ അണിയച്ചതിനുശേഷം ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ഒന്ന് കറക്കി. നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത് എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അതെക്കുറിച്ച് പറഞ്ഞത്.
കൂടാതെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രമായ കുന്തിദേവിയെ ഓര്‍മ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് ബോബി പറഞ്ഞു. ഈ രണ്ട് പരാമര്‍ശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനും വഴി വെച്ചിരുന്നു. ഇതിനു മുന്‍പും ചില അവസരങ്ങളില്‍ നടിക്കെതിരേ ദ്വയാര്‍ഥ പ്രയോഗം ബോബി നടത്തിയതിന്റെ തെളിവുകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായി പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.
ഹണിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു. പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ, അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks ) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ
നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാന്‍ സാധിച്ചത്. ഞാന്‍ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നര്‍ത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തില്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല