ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് വരും മാസങ്ങളില്‍ കുറക്കാന്‍ മോണിട്ടറി പോളിസി കമ്മിറ്റി തീരുമാനിച്ചു. ബ്രട്ടീഷ് സമ്പദ് വ്യവസ്ഥയിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശനിരക്കായ 0.5 ശതമാനമാണ് ഇപ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശനിരക്ക്. വരും മാസങ്ങളില്‍ ഇതിലും താഴ്ന്ന നിരക്ക് ഈടാക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം. തകര്‍ന്നുകൊണ്ടിരിക്കുന്ന ബ്രട്ടീഷ് സമ്പദ് വ്യവസ്ഥക്ക് ഉണര്‍വ്വ് നല്കാന് പുതിയ തീരുമാനത്തിന് കഴിയുമെന്നാണ് കരുതുന്നത്. ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങ് വഴി കൂടുതല്‍ പണം വിപണിയിലേക്ക് എത്തിച്ച് പ്രശ്നത്തിന് പരിഹാരം കാണാനുളള ശ്രമമായിരുന്നു മോണിറ്ററി പോളിസി കമ്മിറ്റിയുടേത്. എന്നാല്‍ അതിനുമുന്‍പ് പലിശനിരക്ക് കുറച്ച് വിപണിയില്‍ ചലനം സൃഷ്ടിച്ചശേഷം മാത്രം ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങിലേക്ക് പോകാമെന്ന് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം എംപിസി തീരുമാനിക്കുകയായിരുന്നു.ആഗസ്റ്റ്/// – സെപ്റ്റംബര്‍ മാസങ്ങളില്‍ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
വായ്പ എടുത്തിട്ടുളളവരെ സംബന്ധിച്ച് പുതിയ വാര്‍ത്ത സന്തോഷപ്രദമാണങ്കിലും വിപണിയില്‍ പണം നിക്ഷേപിച്ചവരേയും പെന്‍ഷന്‍കാരേയും സംബന്ധിച്ച് പുതിയ നീക്കങ്ങള്‍ അത്ര ശുഭകരമല്ല. യൂറോസോണ്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 0.5 ശതമാനത്തില്‍ നിന്നും താഴ്ത്തണമെന്നും ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങ് വഴി കൂടുതല്‍ പണം വിപണിയിലേക്ക് എത്തിക്കണമെന്നും ഐഎംഎഫിന്റെ ബോസ്സ് ക്രിസ്ത്യന്‍ ലെഗാര്‍ഡ് ഈയിടെ ആവശ്യപ്പെട്ടിരുന്നു. ജൂലൈ അദ്യം നടന്ന എംപിസിയുടെ മീറ്റിങ്ങിന്റെ മിനിട്സിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ഉളളത്. അടുത്തിടെ ബാങ്ക് നടപ്പിലാക്കിയ ലെന്‍ഡിങ്ങ് സ്കീം പലിശനിരക്ക് കുറയ്ക്കാനുളള കമ്മിറ്റിയുടെ തീരുമാനത്തെ ബാധിക്കുമെന്നും മിനിട്സില്‍ അഭിപ്രായമുണ്ട്.
കുറഞ്ഞ പലിശനിരക്കില്‍ ആളുകള്‍ക്ക് പണം കടംകൊടുക്കുന്ന പദ്ധതിയാണിത്. വിപണിയില്‍ പണം കുറഞ്ഞ സാഹചര്യത്തില്‍ പണത്തിന്റെ ലഭ്യത ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എന്നാല്‍ പുതിയ പദ്ധതി ബാങ്കുകളുടെ ക്രഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ഈ മാസം നിരക്ക് 0.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തണമെന്ന് മോണിറ്ററി പോളിസി കമ്മിറ്റ് ഐക്യകണ്ഠേന തീരുമാനിച്ചു. ഏഴ് അംഗങ്ങള്‍ ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങിനെ അനുകൂലിച്ചപ്പോള്‍ രണ്ട് അംഗങ്ങള്‍ സ്റ്റോക്ക് 325 മില്യണില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. നിലവില്‍ ഇരട്ടമാന്ദ്യത്തിന്റെ പിടിയിലാണ് ബ്രട്ടീഷ് സമ്പദ് വ്യവസ്ഥ.
എന്നാല്‍ പണപ്പെരുപ്പത്തിന്റെ നിരക്ക് കഴിഞ്ഞ സെപ്റ്റംബറിനെ അപേക്ഷിച്ച് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എണ്ണവിലയിലുണ്ടായ മാറ്റമാണ് പണപ്പെരുപ്പം കുറയാന്‍ കാരണം. കഴിഞ്ഞ മേയില്‍ ബാങ്ക് വിലയിരുത്തിയതിലും കുറവ് വളര്‍ച്ചാ നിരക്കാണ് രാജ്യം രേഖപ്പെടുത്തിയിരിക്കുന്നതെന്നും അടുത്ത രണ്ട് വര്‍ഷത്തേക്ക് ഈ വളര്‍ച്ചാ നിരക്ക് വളരെ കുറവോ അല്ലെങ്കില്‍ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്താതിരിക്കുകയോ ചെയ്യാമെന്നും മിനിട്സ് ചൂണ്ടിക്കാണിക്കുന്നു. യൂറോസോണ്‍ പ്രതിസന്ധിയാണ് യുകെയുടെ വളര്‍ച്ചയെ തടയിടുന്നത്. പലിശ നിരക്ക് കുറയ്്ക്കാനുളള നടപടി ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങിന്റെ അത്ര ആകര്‍ഷകമല്ലെങ്കിലും ലെന്‍ഡിങ്ങ് സ്കീം എങ്ങനെ സമ്പദ് വ്യവസ്ഥയെ ബാധിക്കും എന്നതിന് അനുസരിച്ച് പലിശനിരക്ക് കുറക്കാനുളള നടപടികള്‍ പുനപരിശോധിക്കുമെന്നും മിനിട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല