സ്വന്തം ലേഖകൻ: ഖത്തര്‍ എയര്‍വെയ്സും ബോയിംഗും തമ്മില്‍ 34 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചു. ബോയിംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കറും ബോയിംഗ് കൊമേഴ്സ്യല്‍ എയര്‍പ്ലെയ്ന്‍സ് പ്രസിഡന്റും സിഇഒയുമായ സ്റ്റാന്‍ ഡീലും തമ്മില്‍ ഇരുരാജ്യങ്ങളിലെയും നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.
ബോയിംഗില്‍ നിന്നും 50 എണ്ണം 777-8 കാര്‍ഗോ വിമാനങ്ങളാണ് വാങ്ങുന്നത്. 20 ബില്യണ്‍ ഡോളറിന്റേതാണ് കരാര്‍. ബോയിംഗ് പുറത്തിറക്കാനിരിക്കുന്ന ഏറ്റവും പുതിയ ചരക്കു വിമാനങ്ങളാണിത്. ഇത് വാങ്ങാന്‍ ആദ്യമായി കരാറില്‍ ഒപ്പിടുന്ന രാജ്യമായി ഇതോടെ ഖത്തര്‍ മാറി. കരാര്‍ പ്രകാരമുള്ള ആദ്യ കാര്‍ഗോ വിമാനം 2027ല്‍ ഖത്തറിന് ലഭിക്കും. ബോയിംഗിന്റെ ബെസ്റ്റ് സെല്ലിംഗ് ചരക്ക് വിമാനമാനമായ രണ്ട് 777 വിമാനങ്ങളും ഖത്തര്‍ വാങ്ങുന്നുണ്ട്.
50 കാര്‍ഗോ വിമാനങ്ങളില്‍ 34 എണ്ണത്തിനാണ് നിലവില്‍ ഓര്‍ഡര്‍ നല്‍കിയത്. ആവശ്യമെങ്കില്‍ 16 എണ്ണം കൂടി ലഭ്യമാക്കും. ഇതിന് പുറമെ ബോയിംഗില്‍ നിന്നും 25 എണ്ണം 737-10 മോഡല്‍ യാത്രാ വിമാനങ്ങളും ഖത്തര്‍ എയര്‍വെയ്സ് വാങ്ങുന്നുണ്ട്. ഭാവിയില്‍ 25 എണ്ണം കൂടി യാത്രാവിമാനങ്ങള്‍ ലഭ്യമാക്കാനുള്ള ധാരണയും കരാറിലുണ്ട്. ഏതാണ്ട് ഏഴ് ബില്യണ്‍ ഡോളറിന്റേതാണ് യാത്രാ വിമാനക്കരാര്‍.
യൂറോപ്യന്‍ വിമാന നിര്‍മ്മാണക്കമ്പനിയായ എയര്‍ബസുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ഖത്തര്‍ എയര്‍വെയ്സ് ബോയിംഗുമായി കരാര്‍ ഒപ്പുവെച്ചത്. എയര്ബസ്സുമായുള്ള നിയമയുദ്ധം മുറുകുന്ന പശ്ചാത്തലത്തില്‍ ഖത്തര്‍ എയര്‍വെയ്സുമായുള്ള 600 കോടി ഡോളറിന്റെ കരാര്‍ എയര്‍ ബസ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഖത്തറിന് നല്കിയ എയര്‍ബസ് എ 350 വിമാനത്തിന്റെ പുറം പാളിയിലെ തകരാറ് സംബന്ധിച്ചുള്ള തര്‍ക്കമാണ് തര്‍ക്കത്തിന്റെ അടിസ്ഥാനം.
എയര്‍ ബസില്‍ നിന്ന് വാങ്ങിയ 53 വിമാനങ്ങളില്‍ 21 എണ്ണത്തിനും കേടുപാടുകള്‍ സംഭവിച്ചതായി ഖത്തര്‍ എയര്‍വെയ്സ് പറയുന്നു. 2017 ല്‍ ഒപ്പുവെച്ച 635 കോടിയുടെ കരാറില്‍ നിന്ന് നിയമപോരാട്ടം നിലനില്‍ക്കെയാണ് എയര്‍ബസ് കരാറില്‍ നിന്ന് പിന്‍വാങ്ങിയത്. 618 മില്യണ്‍ ഡോളറും ഒപ്പം തകരാറ് സംഭവിച്ച ദിവസം മുതല്‍ ഓരോ ദിവസത്തേക്കും നാലു മില്യണ്‍ ഡോളറും വെച്ച് നഷ്ടപരിഹാരം വേണമെന്നാണ് ഖത്തര്‍ എയര്‍വെയ്സിന്റെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല