സ്വന്തം ലേഖകൻ: പുതുതായി ഇറക്കിയ ബോയിങ് 737 മാക്‌സ് വിമാനത്തിന്റെ ബോള്‍ട്ട് അയഞ്ഞുവെന്ന വിവരത്തെത്തുടര്‍ന്ന് ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്കും പരിശോധന നടത്താനുള്ള നിര്‍ദേശം. സാഹചര്യം വിലയിരുത്തിവരികയാണെന്നും രാജ്യത്തുനിന്നുള്ള മൂന്ന് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടുവരികയാണെന്നും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ. അറിയിച്ചു. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് നിര്‍ദേശം.
റഡ്ഡര്‍ കണ്‍ട്രോള്‍ സിസ്റ്റത്തില്‍ അയഞ്ഞ ബോള്‍ട്ടുകള്‍ ഉണ്ടാവാമെന്ന് യുഎസ് ഫെഡറേഷന്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. ഒരു വിമാനത്തില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിച്ചതായും ബോയിങ് 737 മാക്‌സ് ശ്രേണിയിലെ വിമാനങ്ങളില്‍ പരിശോധന നടത്താനും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ യുഎസ് ഫെഡറേഷന്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ബോയിങ്ങുമായും ബന്ധപ്പെട്ടുവരികയാണെന്ന് ഡി.ജി.സി.എ. അറിയിച്ചു. നിലവിലെ പരിശോധ പതിവ് സുരക്ഷാ പരിശോധനയുടെ ഭാഗമായുള്ളതാണെന്നും അവര്‍ വ്യക്തമാക്കി. ബോയിങ് 737 മാക്‌സ് ശ്രേണിയിലെ വിമാനങ്ങളെ സംബന്ധിച്ച പരിശോധന മറ്റ് കമ്പനികളില്‍ നടക്കുന്നതുപോലെ തങ്ങളുടേതിലും നടക്കുന്നുണ്ടെന്നും ഇതുവരെ സര്‍വീസിനെ ബാധിച്ചിട്ടില്ലെന്നും അകാശ എയര്‍ വക്താവ് അറിയിച്ചു.
ആഗോളതലത്തില്‍ ബോയിങ് നല്‍കിയിരിക്കുന്ന നിര്‍ദേശപ്രകാരമുള്ള പരിശോധന എയര്‍ ഇന്ത്യ എക്‌സ്പ്രസിലും നടക്കുന്നുണ്ടെന്നും സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു. സുരക്ഷ സംബന്ധിച്ച് തങ്ങളുടെ പ്രതിബന്ധത പരമപ്രധാനമായി തുടരുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു. പരിശോധന നിര്‍ദേശം സര്‍വീസുകളെ ബാധിക്കില്ലെന്ന് സ്‌പൈസ്‌ജെറ്റ് വക്താവും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല