മനുഷ്യ ബോംബാണെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം കൗമാരക്കാരിയെ തല്ലിക്കൊന്ന് കത്തിച്ചു. കിഴക്കന്‍ നൈജീരിയയിലെ ഒരു പ്രാദേശിക ചന്തയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊല്ലപ്പെട്ട പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ല.
ശരീരത്തില്‍ കെട്ടിവച്ച രണ്ടു കുപ്പികളുമായി ജനമധ്യത്തില്‍ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചന്തയില്‍ മനുഷ്യ ബോംബുണ്ടെന്ന വാര്‍ത്ത അതിവേഗം പ്രചരിക്കുകയും പെണ്‍കുട്ടിക്കു ചുറ്റും ഒരു ആള്‍ക്കൂട്ടം രൂപപ്പെടുകയും ചെയ്യുകയായിരുന്നു.
വൈകാതെ പെണ്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ച ആള്‍ക്കൂട്ടം ശരീര പരിശോധന നടത്താന്‍ പെണ്‍കുട്ടി വിസമ്മതിച്ചതോടെ അക്രമാസക്തമാകുകയും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.
മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ പെണ്‍കുട്ടി ബോധരഹിതയാകുകയും തുടര്‍ന്ന് ചോര വാര്‍ന്ന് മരിക്കുകയുമായിരുന്നു. പെണ്‍കുട്ടി മരിച്ചെന്ന് മനസിലാക്കിയ ആള്‍ക്കൂട്ടം പെട്രോളും ടയറുകളും ഉപയോഗിച്ച് മൃതദേഹം കത്തിച്ചു.
നൈജീരിയന്‍ തീവ്രവാദികളായ ബൊക്കാഹറാം കൊച്ചു പെണ്‍കുട്ടികളെ മനുഷ്യ ബോംബാക്കുന്ന രീതി പതിവാക്കിയതിനാല്‍ ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. ചന്തകളിലും ബസ്റ്റേഷനുകളിലും ഇത്തരം ചാവേറുകള്‍ പൊട്ടിത്തെറിക്കുന്നത് നിത്യ സംഭവമാണ്.
എന്നാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി യഥാര്‍ഥത്തില്‍ മനുഷ്യ ബോംബായിരുന്നോ എന്ന കാര്യം അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതേയുള്ളു എന്നാണ് അധികൃതരുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല