സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ജീവനോടെയുണ്ടെന്ന് വെളിപ്പെടുത്തല്‍. ബൊക്കോ ഹറാം ഇസ്ലാമിക തീവ്രവാദികള്‍ രണ്ടു വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ പെണ്‍കുട്ടികളില്‍ ചിലര്‍ ജീവനോടെയുണ്ടെന്ന് വ്യക്തമായ സൂചന നല്‍കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു.
ചിബോക്കില്‍ നിന്നാണ് 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബൊക്കോ ഹറാം റാഞ്ചിയത്. ഇവരില്‍ 15 ഓളം പേരാണ് ജീവനോടെയുണ്ടെന്ന് അറിയിക്കുന്ന വീഡിയോ ദൃശ്യമാണ് തീവ്രവാദികള്‍ പുറത്തുവിട്ടത്. ഡിസംബറില്‍ ചിത്രീകരിച്ച വീഡിയോ ബൊക്കോ ഹറാം നൈജീരിയന്‍ സര്‍ക്കാരിന് കൈമാറുകയായിരുന്നു.
2014 മെയ് മാസത്തിനു ശേഷം പുറത്തുവരുന്ന പെണ്‍കുട്ടികളുടെ ആദ്യ വീഡിയോ ദൃശ്യമാണിത്. കുട്ടികളെ മോചിപ്പിക്കുന്നതിന് യു.എസ് പ്രഥമ വനിത മിഷേല ഒബാമ അടക്കം നിരവധി പ്രമുഖര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു.
2014 ഏപ്രില്‍ 14 നാണ് ബൊര്‍ണോയിലെ സര്‍ക്കാര്‍ ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതായും ബൊക്കോ ഹറാം പോരാളികള്‍ക്ക് വിവാഹം കഴിച്ചുനല്‍കുകയോ അടിമകളായി വില്‍ക്കുകയോ ചെയ്യുമെന്ന് സംഘടനയുടെ നേതാവ് അബുബക്കര്‍ ഷെകൗ ഭീഷണി മുഴക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല