സാബു ചുണ്ടക്കാട്ടില്‍
ബോള്‍ട്ടണ്‍: ഗണപതി കൈയോടെ ചെറുചെമ്പടയില്‍ തുടങ്ങി മൂന്ന് തരം മേളങ്ങള്‍ നൃത്ത ചുവടകളുടെ അകമ്പടിയോടെ അവതരിപ്പിച്ച് മേളപ്പെരുമഴ തീര്‍ത്ത് ബോള്‍ട്ടണ്‍ ബീറ്റ്‌സ് അരങ്ങേറ്റം കുറിച്ചു. ബോള്‍ട്ടണ്‍ തിരുന്നാളിന് പരിശുദ്ധ മാതാവിന്റെ അനുഗ്രഹവും വാങ്ങി ചെണ്ടകളുടെ വെഞ്ചരിപ്പും നടത്തിയശേഷമായിരുന്നു അരങ്ങേറ്റം. പ്രസിദ്ധ മേളവിദ്വാനും തൃശ്ശൂര്‍ പൂരത്തിന് മേളം അവതരിപ്പിച്ച് കഴിവുതെളിയിച്ച രാതേഷ് നായരുടെ നേതൃത്ത്വത്തില്‍ പിന്നീട് ബോള്‍ട്ടണ്‍ ബീറ്റ്‌സ് മേള പ്രപഞ്ചം തീര്‍ത്തു.
തിരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തില്‍ പങ്കെടുത്തശേഷം സ്‌ക്കൂള്‍ ഗ്രൗണ്ടിലാണ് അരങ്ങേറ്റ പ്രകടനം നടന്നത്. പതികാലത്തില്‍ തുടങ്ങി വ്യത്യസ്തങ്ങളായ കലാശങ്ങളിലൂടെ നൃത്തചുവടുകളുടെ അകമ്പടിയോടെ ആസ്വാദക കര്‍ണ്ണങ്ങളില്‍ കൊട്ടിപ്പെരുക്കലിന്റെ ഇടിമുഴക്കം തീര്‍ത്തായിരുന്നു അരങ്ങേറ്റം. ഒറ്റക്കോലില്‍ തീര്‍ത്ത ഏകതാളവും താളത്തിന് പ്രധാന്യം നല്‍കിയ നിലയടിയും, താളവേഗം കൈവരിക്കുന്ന ചെമ്പടയും ബോള്‍ട്ടണ്‍ ബീറ്റ്‌സ് അവതരിപ്പിച്ചു.
തൃശൂര്‍ പൂരത്തിന് കിഴക്കമ്പാടുകരയ്‌ക്കൊപ്പവും കുറുമാലിക്കാവ്, ചെമ്പുത്തറ, തുറുക്കഞ്ചേരി, തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിലും മേളം അവതരിപ്പിച്ചിട്ടുള്ള രാതേഷ് നായരാണ് ബോള്‍ട്ടണ്‍ ബീറ്റ്‌സിന്റെ പരിശീലകന്‍. ഒരുമാസം നീണ്ട തീവ്രമായ പരിശീലനത്തിനൊടുവിലായിരുന്നു അരങ്ങേറ്റം. രാതേഷ് നായരെ കൂടാതെ ജെയിന്‍, ഷാജി, അനില്‍ ജോസ്, ജെന്‍സ്, ജോഷി, ജെയിസണ്‍ കുര്യന്‍, ഡിന്‍സണ്‍ സെബ്‌സ്റ്റിയന്‍, ജെയിസണ്‍ എന്നിവരും പന്ത്രണ്ട് വയസുകാരനായ അലനും ചേരുന്നതാണ് ബോള്‍ട്ടണ്‍ ബീറ്റ്‌സ്.
ഒറ്റക്കാലില്‍ കൊട്ടി തുടങ്ങിയശേഷം ഗണപതികലത്തിലൂടെ ദ്രുതതാളത്തില്‍ പ്രവേശിച്ച് ആവേശം പടര്‍ത്തുന്ന മേളമാണ് ബോള്‍ട്ടണ്‍ ബീറ്റ്‌സ് പ്രധാനമായും അവതരിപ്പിക്കുക. അരങ്ങേറ്റ പ്രകടനംകണ്ട ഗ്ലാസ്‌ഗോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ: ജോയി ചെറാടിയില്‍ അടുത്ത ഗ്ലാസ്‌ഗോ തിരുന്നാളിന് ബോള്‍ട്ടണ്‍ ബീറ്റ്‌സിനെ ബുക്ക് ചെയ്യുകയും ചെയ്തു. ഇവരുടെ മേളപ്പെരുക്കലും നൃത്തച്ചുവടുകളും കണ്ട് ബോള്‍ട്ടണ്‍ നിവാസികളും അത്യാവേശത്തിലാണ്. ബോള്‍ട്ടണ്‍ ബീറ്റ്‌സിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ആശാന്‍ രാതേഷ് നായരുമായി ബന്ധപ്പെടണം: 07815819190
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല