ബോള്‍ട്ടണ്‍ തിരുന്നാള്‍ ഭക്തിസാന്ദ്രമായി. വിശ്വാസ സമൂഹത്തിന് ആത്മീയ ഉണര്‍വ്വിന്റെയും മാതൃഭക്തിയുടെയും നവ്യാനുഭവം പകര്‍ന്ന് നല്‍കികൊണ്ടാണ് മൂന്നുദിവസം നീണ്ടുനിന്ന തിരുന്നാളിന് കൊടിയിറങ്ങിയത്. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുകൊണ്ടു.
പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10.45 ന് ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് തുടക്കമായി. അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിനും പ്രശസ്തമായ പ്രഘോഷകനുമായ ഫാ. ജോയി ചെറാടിയില്‍ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ കാര്‍മ്മികത്വം വഹിച്ചു. കുടുംബജീവിതത്തില്‍ അമ്മമാര്‍ക്കുള്ള പ്രസക്തിയും സ്വര്‍ഗ്ഗീയ യാത്രയില്‍ പരിശുദ്ധ അമ്മയ്ക്കുള്ള പ്രസക്തിയും വിലമതിക്കാനാവാത്തതാണെന്ന് ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. പരിശുദ്ധ അമ്മയെ കുടുംബങ്ങളുടെ മധ്യസ്തയായി സ്വീകരിച്ച് മാതൃകാപരമായ ജീവിതം നയിക്കുവാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ദിവ്യബലിയെത്തുടര്‍ന്ന് നടന്ന ലദീഞ്ഞോടെ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമായി. ഏറ്റവും മുന്നില്‍ പൊന്നിന്‍കുരിശും, പതാകകളും അണിനിരന്നു. ഇവര്‍ക്ക് പിന്നിലായി സണ്‍ഡേസ്‌കൂള്‍ കുട്ടികളും പ്രസുദേന്തിമാരും രണ്ട് നിരയായി നീങ്ങി. ചെണ്ടമേളങ്ങളും, മുത്തുക്കുടകളും, വാദ്യോപകരണങ്ഹളും പ്രദക്ഷിണത്തില്‍ അണിനിരന്നു. പരിശുദ്ധ മാതാവിന്റെ ചൈതന്യം തുളുമ്പുന്ന തിരുസ്വരൂപവും പ്രദക്ഷിണത്തില്‍ സംവഹിച്ചു.
പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ഉരുവിട്ട് ഭക്തിപുരസരം നടന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസികളെ ആനന്ദനിര്‍വൃതിയില്‍ ആറാടിച്ചു. പ്രദക്ഷിണം പ്ലോഡര്‍ലൈന്‍ വഴി പോയി ബീച്ച് അവന്യൂവില്‍ കൂടി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ കണ്ണിനും കാതിനും ഇമ്പമേകിയ കരിമരുന്ന് കലാപ്രകടനത്തിന് തുടക്കമായി. തുടര്‍ന്ന് ഗ്രൗണ്ടില്‍ സ്വിന്‍ഡസ് സ്റ്റാര്‍സും ബോള്‍ട്ടണ്‍ ബീറ്റ്‌സും വിശ്വാസികള്‍ക്ക് മേള വിരുന്നൊരുക്കി. തുടര്‍ന്ന് പുനരാരംഭിച്ച പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ചശേഷം ലദീഞ്ഞും വിശുദ്ദ കുര്‍ബാനയുടെ ആശീര്‍വാദവും നടന്നു.
സ്‌നേഹവിരുന്നിനെ തുടര്‍ന്ന് സ്‌കൂള്‍ ഹാളില്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടിള്‍ അരങ്ങേറി. സണ്‍ഡേ സ്‌കൂളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. സരിഗ യു.കെ.യുടെ ഗാനമേളയോടെ പരിപാടികള്‍ സമാപിച്ചു. തിരുന്നാള്‍ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബാബു അപ്പാടന്‍, ട്രസ്റ്റി ജോബോയി ജോസഫ്, സെക്രട്ടറി അജയ് എഡ്ഗര്‍ തുടങ്ങിയവര്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല