സ്വന്തം ലേഖകന്‍: യുഎന്നില്‍ ട്രംപ്, റൂഹാനി വാക്‌പോരിനു പിന്നാലെ ഇറാന്‍ അമേരിക്കയെയോ സഖ്യകക്ഷികളെയോ തൊട്ടുകളിച്ചാല്‍ അത് തീക്കളിയാകുമെന്ന ഭീഷണിയുമായി യുഎസ് സുരക്ഷാ ഉപദേഷ്ടാവ്. ഇറാനികള്‍ മരണവും നാശവും വിതയ്ക്കുന്നവരാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎന്‍ പൊതുസഭയില്‍ ആരോപിച്ചതിനു പിന്നാലെയാണ് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ ഭീഷണി.
ടെഹ്‌റാനിലെ മുല്ലാമാരുടെ ഹിംസാത്മക ഭരണകൂടം നുണയും വഞ്ചനയും തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു ന്യൂയോര്‍ക്കില്‍ നടന്ന ഇറാന്‍വിരുദ്ധ സമ്മേളനത്തില്‍ ബോള്‍ട്ടന്‍ പറഞ്ഞു. ഞങ്ങള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്കു പിന്നാലെ ഞങ്ങള്‍ വരുമെന്നും ബോള്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു.
ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായിരിക്കുകയാണ്. മറ്റു പങ്കാളികളായ ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി, റഷ്യ എന്നിവര്‍ കരാറില്‍ തുടരുന്നതും യുഎസിനെ അസ്വസ്ഥമാക്കുന്നു. ട്രംപ് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളും ഇറാനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയെ ചൊടിപ്പിച്ചു. ഇറാനെതിരേ കൂടുതല്‍ സാന്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി സാന്പത്തിക ഭീകരവാദമാണെന്നു റൂഹാനി പറഞ്ഞു. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനാണു യുഎസ് ശ്രമിക്കുന്നത്. ഇറാനോട് ചര്‍ച്ചയ്ക്കിരിക്കാന്‍ ആവശ്യപ്പെടുന്‌പോഴും അട്ടിമറിക്കുള്ള പദ്ധതി അവര്‍ മറച്ചുവയ്ക്കാതിരിക്കുന്നതു വിരോധാഭാസമാണ്.
ആന്താരാഷ്ട്ര മൂല്യങ്ങളോടും സ്ഥാപനങ്ങളോടുമുള്ള ചില ലോകനേതാക്കളുടെ അവജ്ഞ ലോകത്തിന്റെ സുരക്ഷയെത്തന്നെ അട്ടിമറിക്കുകയാണെന്നും ട്രംപിന്റെ പേരെടുത്തു പറയാതെ റൂഹാനി ആരോപിച്ചു. ബഹുസ്വരതയെ എതിരിടുന്നതും വര്‍ജിക്കുന്നതും ശക്തിയല്ല, മറിച്ച് ബുദ്ധിക്കുറവിന്റെ ലക്ഷണവും സങ്കീര്‍ണമായ ലോകത്തെ മനസിലാക്കാനുള്ള കഴിവില്ലായ്മയാണെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു.
ാേല
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല