സ്വന്തം ലേഖകന്‍: സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം, ബോംബിട്ടത് റഷ്യന്‍ വിമാനമെന്ന് സംശയം. വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ നടന്ന വ്യോമാക്രമണത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്.
കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇഡ്‌ലിബ് പ്രവിശ്യയിലെ സര്‍മദക്കു സമീപമുള്ള കമൗനയിലെ ക്യാംപിലാണ് ആക്രമണമുണ്ടായത്. തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ക്യാമ്പാണിത്. വ്യോമാക്രമണത്തില്‍ ക്യാംപ് പുര്‍ണ്ണമായും തകര്‍ന്നു.
സിറിയയുടെയോ റഷ്യയുടേയോ യുദ്ധ വിമാനമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തത്ക്കാല വെടിനിര്‍ത്തല്‍ നീട്ടിയതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. എന്നാല്‍ യുദ്ധവിരാമം അലെപ്പോ നഗത്തിലാണെന്ന് സിറിയന്‍ സൈന്യവും ജിഹാദി ഇതര വിമത സേനകളും വ്യക്തമാക്കി. യു.എസിന്റെയും റഷ്യയുടേയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താത്ക്കാലിക വെടിനിര്‍ത്തല്‍ നീട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല