1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2024

സ്വന്തം ലേഖകൻ: രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഞായറാഴ്ച മാത്രം 13 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബാക്രമണ ഭീഷണി ലഭിച്ചത്. ഇന്‍ഡിഗോ വിമാനത്തിന്റെ ആറ് വിമാനങ്ങള്‍ക്കും വീസ്താരയുടെ ആറ് വിമാനങ്ങള്‍ക്കും ആകാസയുടെ ഒരു വിമാനത്തിനുമാണ് ഭീഷണി. കോഴിക്കോട് നിന്ന് ദമാമിലേക്ക് സര്‍വീസ് നടത്തുന്നതാണ് ഭീഷണി നിലനില്‍ക്കുന്ന ഇന്‍ഡിഗോയുടെ ഒരു വിമാനം.

6E 58 ജിദ്ദ-മുംബൈ, 6E 133പൂനെ-ജോധ്പുര്‍, 6E 112 ഗോവ അഹമ്മദാബാദ് തുടങ്ങിയ വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചു. വീസ്താരയുടെ സിംഗപ്പുര്‍-ഡല്‍ഹി, സിംഗപ്പൂര്‍-പൂനെ, സിംഗപ്പൂര്‍-മുംബൈ, ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട്, ബാലി-ഡല്‍ഹി, മുംബൈ സിംഗപ്പൂര്‍ എന്നീ വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആകാസ എയറിന്റെ ലഖ്‌നൗ-മുംബൈ വിമാനത്തിനാണ് ഭീഷണി. തുടര്‍ന്ന് വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.

വിമാനങ്ങള്‍ക്ക് കൂടാതെ കര്‍ണാടകത്തിലെ ബെലഗാവി വിമാനത്താവളത്തിന് നേരെയും ബോംബാക്രമണ ഭീഷണി ലഭിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് പോലീസും സംയുക്ത പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

വ്യാജസന്ദേശമാണ് ലഭിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി. ചെന്നൈയില്‍ നിന്നുള്ള കേന്ദ്രത്തില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.