1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2024

സ്വന്തം ലേഖകൻ: വിമാനങ്ങൾക്ക്‌ വ്യാജ ബോംബുഭീഷണി ഒഴിയുന്നില്ല. ഭീഷണി വിമാനക്കമ്പനികളുടെ ഉറക്കംകെടുത്തുന്നതിനോടൊപ്പം യാത്രക്കാരെയും വലയ്ക്കുന്നു. ഞായറാഴ്ച ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന 30 വിമാനങ്ങൾക്ക് ഭീഷണിസന്ദേശം ലഭിച്ചു. ഇൻഡിഗോ, വീസ്താര, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ വിമാനക്കമ്പനികൾക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്. ചിലത് തിരിച്ചിറക്കിയും ചിലത് ലക്ഷ്യസ്ഥാനത്ത് എത്തിയശേഷവും പരിശോധന പൂർത്തിയാക്കി.

ഒരാഴ്ചയ്ക്കിടെ 90 വിമാനസർവീസുകളെയാണ്‌ വ്യാജഭീഷണി ബാധിച്ചത്‌. സാമൂഹികമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഭൂരിഭാഗം ഭീഷണിയും. ഇതിൽ 70 മുതൽ 80 ശതമാനംവരെ ഭീഷണിവരുന്നത് വിദേശ അക്കൗണ്ടിൽനിന്നാണ്. കൊച്ചിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 8.24-നും ആകാശ് എയർ 12.05-നും പുറപ്പെട്ടശേഷമാണ് ഭീഷണിസന്ദേശമെത്തിയത്. ഇരുവിമാനങ്ങളും ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയശേഷം പരിശോധനനടത്തി.

വിമാനങ്ങൾ അടിയന്തരമായി ഇറക്കിയശേഷം സർവീസുകൾ പുനരാരംഭിച്ചു. ഇതുവരെ എയർ ഇന്ത്യയുടെ ആറുസർവീസുകളെ ബാധിച്ചെങ്കിലും ഇതിനോട്‌ പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സർവീസുകൾ ഏതെന്നും വ്യക്തമാക്കിയില്ല.

വിമാന സര്‍വീസുകള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ നിസാരമായി കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ നേരിടാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. കുറ്റവാളികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാന സര്‍വീസുകള്‍ക്കെതിരായ വ്യാജ ബോംബ് ഭീഷണികള്‍ ഗുരുതര കുറ്റകൃത്യമാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതിനായി നിയമഭേദഗതി കൊണ്ടുവരുന്ന കാര്യവും ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ശന വ്യവസ്ഥകളോടെ എയര്‍ക്രാഫ്റ്റ് സെക്യൂരിറ്റി നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. വ്യാജ ഭീഷണികള്‍ യാത്രക്കാര്‍ക്കും വ്യോമയാന കമ്പനികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.