1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2024

സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 90ല്‍ പരം വ്യാജബോംബ് ഭീഷണികളാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ലഭിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനസര്‍വീസുകളെ വ്യാജ ബോംബ് ഭീഷണി ബാധിച്ചു. ഗതി തിരിച്ചുവിടൽ, വിമാനയാത്ര പുറപ്പെടുന്നത് വൈകല്‍, വിമാനം റദ്ദാക്കല്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ നഷ്ടവും ഇത്തരം വ്യാജബോംബ് ഭീഷണിമൂലം ഉണ്ടാകുന്നുണ്ട്.

ഈ ബോംബ് ഭീഷണികളുടെ 70 ശതമാനവും ആദം ലാന്‍സ എന്ന പേരിലുള്ള ഒരൊറ്റ എക്‌സ് അക്കൗണ്ടില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 18ന് രാത്രി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് @adamlanza1111 എന്ന എക്‌സ് അക്കൗണ്ടില്‍ നിന്ന് 12 വ്യാജബോംബ് ഭീഷണികളാണ് ലഭിച്ചത്. ഒക്ടോബര്‍ 19ന് 34 വ്യാജബോംബ് ഭീഷണികളും ലഭിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എയര്‍ ഇന്ത്യ, വീസ്താര, ഇന്‍ഡിഗോ, ആകാശ എയര്‍, അലയന്‍സ് എയര്‍, സ്‌പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍ തുടങ്ങിയ വിമാനക്കമ്പനികള്‍ക്കും അന്താരാഷ്ട്ര വിമാനക്കമ്പനികളായ അമേരിക്കന്‍ എയര്‍ലൈന്‍സ്, ജെറ്റ് ബ്ലൂ, എയര്‍ ന്യൂസിലാന്‍ഡ് എന്നിവയ്ക്കും ഭീഷണി ലഭിച്ചു. സ്റ്റാര്‍ എയറിന്റെ നാല് വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

അതേസമയം, മറ്റു വിമാനക്കമ്പനികളുടെ അഞ്ച് വിമാനങ്ങള്‍ക്കും സമാനമായ സന്ദേശം ലഭിച്ചു. ഭീഷണി സന്ദേശം ലഭിച്ച സമയത്ത് ഏതാനും വിമാനങ്ങള്‍ ആകാശത്ത് പറക്കുകയായിരുന്നു. മറ്റുള്ളവ ഇതിനോടകം തന്നെ പറക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഭീഷണി വന്ന അക്കൗണ്ട് എക്‌സ് സസ്‌പെന്‍ഡ് ചെയ്തത്. അതുവരെ ഇത് സജീവമായിരുന്നു.

2012ല്‍ യുഎസില്‍ എലിമന്ററി സ്‌കൂള്‍ വെടിവെയ്പ്പ് നടത്തിയ മാസ് ഷൂട്ടറാണ് ആദം ലാന്‍സ. 2012 ഡിസംബര്‍ 14ന് സാന്‍ഡി ഹുക്ക് എലിമെന്ററി സ്‌കൂളിലാണ് ലാന്‍സ വെടിവെപ്പ് നടത്തിയത്. ആറിനും ഏഴിനും ഇടയില്‍ പ്രായമുള്ള 20 കുട്ടികളും ആറ് അധ്യാപകരും വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. ആദം ലാന്‍സ നാല് വര്‍ഷം പഠിച്ച സ്‌കൂള്‍ ആണിത്.

സ്‌കൂളില്‍ വെടിവെപ്പ് നടത്തുന്നതിന് മുമ്പ് ഉറങ്ങി കിടക്കുകയായിരുന്ന തന്റെ അമ്മ നാന്‍സി ലാന്‍സയെയും 20കാരനായ ആദം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സ്‌കൂളില്‍ വെടിവെപ്പ് നടത്താന്‍ പോകുന്നതിന് മുമ്പ് ഇയാള്‍ മൂന്ന് തോക്കുകള്‍ തന്റെ വീട്ടില്‍ നിന്ന് എടുത്തിരുന്നു. സെമി ഓട്ടോമാറ്റിക് എയര്‍-15 അസോള്‍ട്ട് റൈഫിള്‍, പിസ്റ്റളുകള്‍ എന്നിവയാണ് ആദം കൈയ്യില്‍ കരുതിയിരുന്ന തോക്കുകള്‍. സൈനിക വസ്ത്രം ധരിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്.

സ്‌കൂളിലെ വെടിവെപ്പിന് പിന്നാലെ ആദവും ജീവനൊടുക്കുകയായിരുന്നു. കൂട്ട വെടിവെയ്പ്പിന് പിന്നിലെ കാരണം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടിക്കാലം മുതല്‍ ആദം മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കുന്നു. 1786ല്‍ നടന്ന 400 ആക്രമസംഭവങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ നൂറുകണക്കിന് പേജുകളടങ്ങിയ ഒരു സ്‌പെഡ് ഷീറ്റും ഈ രേഖയില്‍ ഉള്‍പ്പെടുന്നു.

‘‘മനുഷ്യരോട് പുച്ഛമല്ലാതെ എനിക്ക് ഒന്നുമില്ല. എന്റെ ജീവിതകാലം മുഴുവന്‍ ആരോടെങ്കിലും എന്തെങ്കിലും പോസിറ്റീവായി തോന്നാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്,’’ ഒരു ഓണ്‍ലൈന്‍ ഗെയിമിനിടെ തന്റെ ഒപ്പം കളിച്ചിരുന്നയാളോട് ആദം ഒരിക്കല്‍ ഇങ്ങനെ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.