സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭീകരമായ ജയിലുകള്‍ ഫിലിപ്പീന്‍സില്‍, 800 പേര്‍ക്കുള്ള തടവറകളില്‍ കഴിയുന്നത് അഞ്ചിരട്ടി കുറ്റവാളികള്‍. തലസ്ഥാന നഗരമായ മനിലയില്‍ സ്ഥിതി ചെയ്യുന്ന ഈ ജയിലില്‍ കഴിയുന്നത് 3,800 പേരാണ്. മുന്‍ തടവുകാരനായിരുന്ന റെയ്മുണ്ട് നരാഗ് എന്ന ചെറുപ്പക്കാരന്റെ ഫ്രീഡം ആന്റ് ഡത്ത് ഇന്‍സൈഡ് ജയില്‍ എന്ന പുസ്തകത്തിലാണ് നരക ജീവിതത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരണമുള്ളത്.
ഒന്നു നിവര്‍ന്നു കിടക്കാന്‍ പോലും ഇടയില്ലാതെ നഖവും പാറ്റയുമുള്ള വൃത്തിയില്ലാത്ത തുച്ഛമായ ഭക്ഷണം കഴിച്ച് വായു കടക്കാത്ത ജനാലകളോ വെള്ളമോ ഇല്ലാത്ത ജയില്‍ ജീവിതത്തെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നു. 20 പേര്‍ക്കുള്ള സെല്ലില്‍ മാത്രം 160 മുതല്‍ 200 പേര്‍ വരെയുണ്ട്. പൊട്ടിക്കീറിയ സിമന്റ് തറയിലാണ് തടവുകാര്‍കിടക്കുന്നത്. ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലും സ്‌റ്റെയര്‍ കേയ്‌സിന്റെ പടിക്കെട്ടുകളുമെല്ലാം തടവുകാര്‍ കിടക്കയാക്കുന്നു.
അറുപത് വര്‍ഷം മുമ്പ് പണിത ജയില്‍ വിചാരണ തടവുകാരെ പാര്‍പ്പിക്കുന്നതാണ്. കൃളിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും വ്യായാമം ചെയ്യുന്നതുമെല്ലാം തൊട്ടടുത്ത് വൃത്തിയില്ലാത്ത സാഹചര്യത്തിലാണ്. മഞ്ഞ ഷര്‍ട്ടാണ് തടവുകാരുടെ വേഷം. എന്നിരുന്നാലും ഇവര്‍ സംഘനൃത്ത മത്സരത്തിലും മറ്റും മത്സരിക്കുകയും കോണ്‍ക്രീറ്റ് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട് ഉപയോഗിക്കുകയും മറ്റും ചെയ്യും.
അമേരിക്കയിലെ സതേണ്‍ ഇല്ലിനോയിസ് സര്‍വകലാശാലയില്‍ ക്രിമിനല്‍ നിയമം പഠിച്ച് തിരിച്ചെത്തിയ ആളാണ് റെയ്മുണ്ട് നരാഗ്. 20 വയസുള്ളപ്പോള്‍ ജയിലിലെത്തിയ നരാഗ് ഏഴ് വര്‍ഷം ഈ ജയിലില്‍ കിടന്നു. അഞ്ചു പേര്‍ക്ക് ജീവിക്കാവുന്ന സെല്ലില്‍ ജീവന്‍ നിലനിര്‍ത്താന്‍ മാത്രം ചുട്ട മീന്‍ മാത്രം കഴിച്ച് 30 പേരില്‍ ഒരാളായി താമസിച്ച ഓര്‍മ്മകള്‍ നരാഗ് പങ്കുവക്കുന്നു.
ജയിലില്‍ നല്‍കുന്ന ഭക്ഷണം ആര്‍ക്കും മതിയാകുമായിരുന്നില്ല. അതിലാകട്ടെ നഖങ്ങളും പാറ്റയുമായിരിക്കും. ഭക്ഷണം മതിയാകാതെ വരുന്നതിനാല്‍ ഭക്ഷണമോഷണം പതിവാണ്. മോശം സാഹചര്യങ്ങളില്‍ പകര്‍ച്ചവ്യാധികളും യഥേഷ്ടമായിരുന്നു. അസുഖമുള്ളവരെയും ആരോഗ്യമുള്ളവരെയുമെല്ലാം ഒരേ സെല്ലിലാണ് ഇടുക. ഇതു മൂലം എല്ലാ മാസവും ജയിലില്‍ രണ്ടു മരണമെങ്കിലും ഉറപ്പായിരുന്നു.
മുഷിപ്പ് കാരണം പലര്‍ക്കും വിഷാദവും ഭ്രാന്തും പോലെയുള്ള മാനസീക പ്രശ്‌നം ഉണ്ടായിരുന്നു. കിടക്കാന്‍ പായോ കിടക്കയോ കിട്ടാതെ ഒരു മൂല സ്വന്തമാക്കി നിന്നുറങ്ങേണ്ടി വന്ന ആളുകള്‍കും തടവുപുള്ളികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. 2002 ല്‍ മോചിതനായതിന് തൊട്ടുപിന്നാലെ ജയിലില്‍ താന്‍ അനുഭവിച്ച നരകത്തെക്കുറിച്ച് എഴുതണമെന്ന് നരാഗ് തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല