സ്വന്തം ലേഖകന്‍: ഭക്ഷണമായി മൂന്നു നേരവും ബ്രഡ്, പോരാത്തതിനു പീഡനവും, ബോളിവുഡ് താരങ്ങള്‍ക്ക് ഇനി വീട്ടുജോലിക്കാരെ നല്‍കില്ലെന്ന് ജോലിക്കാരെ നല്‍കുന്ന വെബ്‌സൈറ്റ്. ഓണ്‍ലൈന്‍ സൈറ്റായ ബുക്ക് മൈ ഭായ് ഡോട്ട് കോമാണ് വേലക്കാരികളോടുള്ള മോശം പെരുമാറ്റം മൂലം ഇനി ബോളിവുഡ് താരങ്ങള്‍ക്ക് വീട്ടു ജോലിക്കാരെ നല്‍കില്ലെന്ന കടുത്ത തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘മൂന്ന് നേരം ബ്രഡ് കഴിച്ചും ദേഹോപദ്രവം, അധിക്ഷേപം എന്നിവയേറ്റുമാണ് വീട്ടുജോലിക്കാര്‍ ബോളിവുഡ് താരങ്ങളുടെ വീട്ടില്‍ കഴിയുന്നത്’. അതിനാല്‍ താരങ്ങള്‍ക്ക് ഇനി ജോലിക്കാരെ നല്‍കില്ലെന്ന് വീട്ടു ജോലിക്കാരെ നല്‍കുന്ന സൈറ്റിന്റെ സഹസ്ഥാപകനായ അനുപം സിന്‍ഹാള്‍ അറിയിച്ചു. തന്റെ ബ്ലോഗിലൂടെ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ദീര്‍ഘ ലേഖനം തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു സിന്‍ഹാള്‍.
ചുരുങ്ങിയത് 20 ബോളിവുഡ് താരങ്ങളെങ്കിലും തങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയ വേലക്കാരികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് സിന്‍ഹാള്‍ കുറ്റപ്പെടുത്തുന്നു. പ്രത്യേകിച്ച് ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും അഞ്ച് സംഭവങ്ങളാണ് ഈ ഓണ്‍ലൈന്‍ സൈറ്റിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ബ്ലോഗില്‍ സിന്‍ഹാള്‍ വ്യക്തമാക്കിയിരിക്കുന്നത്.
10000 ത്തോളം വീടുകളില്‍ 2015 വരെ വീട്ടു ജോലിക്കാരെ ഏര്‍പ്പാടാക്കിയിരുന്നെങ്കിലും ജോലിക്കാര്‍ ഒരു വീട്ടില്‍ നിന്ന് പോലും പ്രശ്‌നങ്ങള്‍ നേരിട്ട കേസുകള്‍ ബുക്ക് മൈ ഭായ് എന്ന ഓണ്‍ലൈന്‍ സംരംഭത്തിന് മുമ്പ് നേരിടേണ്ടി വന്നിരുന്നില്ല. ബോളിവുഡ് താരങ്ങള്‍ക്ക് ജോലിക്കാരെ ഏര്‍പ്പാടാക്കി തുടങ്ങിയതോടെയാണ് ജോലിക്കാര്‍ ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങി തുടങ്ങിയതെന്നും സിന്‍ഹ കുറ്റപ്പെടുത്തുന്നു.
സ്വന്തം അമ്മയുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വീട്ട് ജോലിക്കാരെ അനുവദിക്കാത്ത താരം, വീട്ട് ജോലിക്കാരിക്ക് മൂന്നു നേരം ബ്രഡ് മാത്രം നല്‍കുന്ന മൂന്ന് കോടിയുടെ കാര്‍ ഓടിക്കുന്ന താരം, വീട്ടു ജോലിക്കാരിയെ ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം വെബ്‌സൈറ്റിനെതിരെ ട്വീറ്റ് ചെയ്ത ട്വിറ്ററില്‍ നാല് ലക്ഷം ഫോളോവേഴ്‌സുള്ള താരം, ശാരീരികവും മാനസികവുമായ പീഡനം മൂലം ജോലിക്കാരി ഓടിപ്പോയതിന് സൈറ്റിനെതിരെ നിയമ നടപടിക്കൊരുങ്ങിയ മറ്റൊരു താരം എന്നിങ്ങനെ താരങ്ങളുടെ വിക്രിയകള്‍ സിന്‍ഹാള്‍ അക്കമിട്ട് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല