സ്വന്തം ലേഖകൻ: ഫസ്റ്റ് ക്ലാസിനേക്കാൾ മുന്തിയ സൗകര്യങ്ങളുമായെത്തുന്ന പുതിയ ബിസിനസ് സ്റ്റുഡിയോ പ്രഖ്യാപിച്ച് ഒമാൻ എയർ. എയർലൈനിന്റെ ഫസ്റ്റ് ക്ലാസിന് പകരമായാണ് ബിസിനസ് സ്റ്റുഡിയോയെത്തുക. ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സൗകര്യങ്ങളാണ് ബിസിനസ് സ്റ്റുഡിയോയിൽ വാഗ്ദാനം ചെയ്യുന്നത്.
വിശാല ക്യാബിൻ ലേഔട്ട്, ക്ലാസിക് ലൈ-ഫ്ളാറ്റ് സീറ്റുകൾ, വൈ-ഫൈ കണക്റ്റിവിറ്റി എന്നിവ നിലനിർത്തും. എന്നാൽ താങ്ങാനാവുന്ന നിരക്കുകളും ആധുനിക ആവശ്യങ്ങൾക്കനുസൃതമായ സജ്ജീകരണവും ഉണ്ടായിരിക്കും.
എല്ലാ സീറ്റുകൾക്കും മികച്ച സ്വകാര്യത, 23 ഇഞ്ച് വ്യക്തിഗത സ്ക്രീൻ, സൗജന്യ വൈഫൈ കണക്റ്റിവിറ്റി, എ ലാ കാർട്ടെ ഡൈനിംഗ് തുടങ്ങിയ സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭിക്കും. യാത്രികർക്ക് സെപ്റ്റംബർ 9 മുതൽ www.omanair.com-ൽ ബിസിനസ് സ്റ്റുഡിയോ ബുക്ക് ചെയ്യാൻ കഴിയും.
അതിനിടെ സ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധന. ഈ വർഷത്തെ ആദ്യ ഏഴുമാസം പിന്നിട്ടപ്പോഴേക്കും 75 ലക്ഷം യാത്രക്കാരാണ് ഇതുവരെ വിമാനത്താവളം വഴി യാത്ര ചെയ്തത്.
മസ്കത്ത് വിമാനത്താവളത്തിലൂടെയുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 2023നെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിൻറെ വർധനയാണുണ്ടായത്. 2023ൽ ഇതേകാലയളവിൽ 64,74797 അന്താരാഷ്ട്ര യാത്രക്കാർ വന്നുപോയെങ്കിൽ നിലവിലത് 69,49193 ആയാണ് ഉയർന്നത്.
അതേ സമയം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 8.3 ശതമാനത്തിൻറെ വർധനവാണുണ്ടായത്. 2023ൽ ആകെ മസ്കത്ത് വിമാനത്താവളം വഴി 69,49202 യാത്രക്കാർ യാത്രചെയ്തപ്പോൾ 2024ൽ ഇതുവരെ 75,71148 പേരാണ് യാത്രചെയ്തത്.
സലാല വിമാനത്താവളത്തിലും യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 75,0251 യാത്രക്കാർ ഉപയോഗിച്ചപ്പോൾ നിലവിലത് 82,7486 ആയി ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല