സ്വന്തം ലേഖകൻ: ദുബായിൽലെ വാണിജ്യ ചരക്കുനീക്കം സുഗമമാക്കുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ആർടിഎ. ലോജിസ്റ്റി എന്ന പേരിലാണ് ആപ്ലിക്കേഷൻ. ചരക്കുകടത്തുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ആപ്പിൽ ലഭ്യമാകും. ജിസിസിയിലെ മുൻനിര ലോജിസ്റ്റിക് ട്രാൻസ്‌പോട്ടേഷൻ കമ്പനി, ട്രക്കറുമായി കൈകോർത്താണ് ദുബായ് റോഡ് ഗതാഗത അതോറിറ്റി ലോജിസ്റ്റി ആപ്ലിക്കേഷൻ പുറത്തിറക്കിയത്.
ആപ്പ് വഴി ചരക്കുനീക്കം ബുക്കു ചെയ്യാനും അവ ട്രാക്ക് ചെയ്യാനുമാകും. ചരക്കു കൊണ്ടു പോകുന്ന വാഹനം കണ്ടുപിടിക്കാനും ഡ്രൈവർമാർക്ക് മാർക്കിടാനുമാനുള്ള സൗകര്യമുണ്ട്.നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സി.ബി.എം കാൽകുലേറ്റർ ഉൾപ്പെടെ ഏറ്റവും മികച്ച സാങ്കേതിക സവിശേഷതകൾ ഉൾകൊള്ളുന്നതാണ് ലോജിസ്റ്റി ആപ്പ്. ചരക്കുകളുടെ ഫോട്ടോയോ വീഡിയോയോ അപ്‌ലോഡ് ചെയ്ത് മൊത്തം ചരക്കുകളുടെ അളവ് അറിയാനുള്ള സൗകര്യമുണ്ട്. ദുബായിൽലെ ചരക്കു നീക്കം കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാൻ ആപ്ലിക്കേഷന് സാധിക്കുമെന്നാണ് പ്രതീക്ഷ.
ദുബായ് ഇകണോമിക് അജണ്ടയെ പിന്തുണക്കുന്നതാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയിൽ ചരക്കുഗതാഗത മേഖലയിൽ നിന്നുള്ള സംഭാവന ഇരട്ടിയാക്കണം. ഇതിനു വേണ്ടി, ഈ മേഖലയിലെ സാങ്കേതിക വിദ്യയുടെ ഉപയോഗം എഴുപത്തിയഞ്ച് ശതമാനമാക്കി വർധിപ്പിക്കും. ഇതുവഴി പ്രവർത്തനക്ഷമ പത്തു ശതമാനം മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ദുബായിൽ 10,000 ചരക്കുഗതാഗത സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. രണ്ടര ലക്ഷത്തിനടുത്ത് തൊഴിലവസരങ്ങളും മേഖലയിലുണ്ടെന്ന് മതാർ അൽ തായർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല