1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2024

സ്വന്തം ലേഖകൻ: ഹീത്രൂ വിമാനത്താവളത്തിലെ നൂറുകണക്കിന് ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ 23 ദിവസത്തെ സമരം ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുകയാണ്. പബ്ലിക് ആന്‍ഡ് കമ്മേഴ്സ്യല്‍ സര്‍വ്വീസസ് യൂണിയനിലെ (പി സി എസ്) അംഗങ്ങളായ 650 ഉദ്യോഗസ്ഥര്‍ ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് ആദ്യഘട്ട പണിമുടക്ക് നടത്തുക. യു കെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ സമരം, വേനലവധി യാത്രകള്‍ക്ക് തിരിക്കുന്നവര്‍ക്ക് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.

സെപ്റ്റംബര്‍ 3 വരെയുള്ള പണിമുടക്ക് കഴിഞ്ഞാല്‍ പിന്നീട് സെപ്റ്റംബര്‍ 22 വരെ വര്‍ക്ക് ടു റൂള്‍ സമരമായിരിക്കും. ഈ സമയത്ത് ഓവര്‍ടൈം പണിയും ചെയ്യില്ല. തൊഴില്‍ വ്യവസ്ഥകളിലെയും നിബന്ധനകളിലേയും, ഏറെക്കാലമായി ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഇനിയും പ്രാബല്യത്തില്‍ വരുത്താത്തിനെതിരെയാണ് സമരം. തൊഴിലിടത്തെ കാര്‍ക്കശ്യ സമീപനം കാരണം ഇതിനോടകം തന്നെ ഏകദേശം 160 ജീവനക്കാര്‍ ഫോഴ്സ് വിട്ടുപോയതായി യൂണിയന്‍ ആരോപിക്കുന്നു. അതുമൂലം മറ്റുള്ളവര്‍ക്ക് ജോലി സമയവും, ജോലിയുടെ സ്വഭാവവുമെല്ലാം മാറ്റേണ്ടതായി വന്നു.

സ്‌കൂള്‍ അവധി അതിന്റെ അന്ത്യത്തോടടുക്കുന്ന സമയമായതിനാല്‍, ഈ സമരം ഏറെ കഷ്ടപ്പെടുത്തുക കുടുംബവുമായി യാത്ര പോകുന്നവരെയായിരിക്കും. ലണ്ടന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ (എല്‍ എന്‍ ഇ ആര്‍) ഡ്രൈവര്‍മാര്‍ 22 ദിവസത്തെ സമരത്തിനൊരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഇപ്പോള്‍ ഈ സമരവും. ആഗസ്റ്റ് 31 മുതല്‍ നവംബര്‍ 9 വരെ എല്ലാ ശനിയാഴ്ചകളിലും സെപ്റ്റംബര്‍ 1 മുതല്‍ നവംബര്‍ 10 വരെ എല്ലാ ഞായറാഴ്ചകളിലും ഉള്‍പ്പടെ 22 ദിവസത്തേക്കായിരിക്കും ആസ്ലെഫ് യൂണിയന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ പണി മുടക്കുക.

ലേബര്‍ സര്‍ക്കാരുമായി യൂണിയന്‍ പുതിയ വേതന കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സമരം. 14 ശതമാനം ശമ്പള വര്‍ദ്ധനവാണ് പുതിയ കരാര്‍ പ്രകാരം ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുക. അതേസമയം, പൊതു ധന കമ്മി നികത്താന്‍ വിന്റര്‍ ഫ്യുവല്‍ പേയ്മെന്റ് വരെ റദ്ദാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.