സ്വന്തം ലേഖകൻ: വ്യോമസേനാവിമാനം പറത്തിയതിന്റെ ആഹ്‌ളാദനിമിഷങ്ങള്‍ പങ്കുവെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ ദ ഡൗണിങ് സ്ട്രീറ്റിലൂടെയാണ് റോയല്‍ എയര്‍ഫോഴ്‌സിന്റെ ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റ് വിമാനം നിയന്ത്രിക്കുന്നതിന്റെ സെല്‍ഫി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
‘ടൈഫൂണ്‍ ജെറ്റിന്റെ കോക്പിറ്റിലിരുന്ന് വിമാനം പറത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍’ എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. വിമാനം പറത്തുന്നതിനിടെ സമീപത്ത് നീങ്ങുന്ന മറ്റു രണ്ട് വിമാനങ്ങള്‍ക്ക് നേരെ ബോറിസ് ജോണ്‍സണ്‍ തംപ്‌സ് അപ് കാണിക്കുന്നതും വീഡിയോയിലുണ്ട്.
ലിങ്കണ്‍ഷെയറിലെ വ്യോമസേനാആസ്ഥാനത്ത് പരിശോധനയ്ക്കായുള്ള സന്ദര്‍ശനത്തിനിടെയാണ് ബോറിസ് ജോണ്‍സണ്‍ ജെറ്റ് വിമാനം പറത്തിയത്. വിമാനം പറത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ ആവാമെന്നുള്ള വിങ് കമാന്‍ഡര്‍ പോള്‍ ഹാന്‍സന്റെ നിര്‍ദേശം പാഴാക്കാതെ കിട്ടിയ അവസരം മുതലെടുക്കുകയായിരുന്നുവെന്ന് ബോറിസ് ജോണ്‍സണ്‍ പിന്നീട് ഹാസ്യരൂപേണ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
മൂന്ന് വര്‍ഷം കോക്പിറ്റില്‍ ഏറെ സന്തോഷമായി ചെലവഴിച്ച ശേഷം അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധികള്‍ കാരണം മറ്റൊരു വ്യക്തിയ്ക്ക് നിയന്ത്രണം കൈമാറുകയാണെന്നും പ്രധാനമന്ത്രി പദം ഒഴിയുന്നത് പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ബോറിസ് ജോണ്‍സന്റെ വിമാനം പറത്തല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. രാജിവെച്ചൊഴിയുന്ന പ്രധാനമന്ത്രിയുടെ ഷോയാണ് വ്യോമസേനാവിമാനം പറത്തലെന്ന് ചിലര്‍ വിമര്‍ശിച്ചപ്പോള്‍, പോസിറ്റീവായും പോപ്പുലറായും തുടരുന്നതില്‍ ബോറിസിനെ പ്രശംസിച്ചവരുമുണ്ട്. മന്ത്രിമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് ജൂലായ് ഏഴിന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച നല്‍കിയ ബോറിസ് ജോണ്‍സണ്‍ അടുത്ത സഭാനേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല