സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പാർലമെന്റ് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എലിസബത്ത് രാജ്ഞിയോട് മാപ്പുചോദിച്ചിരുന്നതായി റിപ്പോർട്ട്നടപടി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ എലിസബത്ത് രാജ്ഞിയോടു മാപ്പു ചോദിച്ചു. രാജ്ഞിയുടെ അനുമതി തേടിയശേഷമായിരുന്നു അഞ്ചാഴ്ചത്തേക്ക് പാർലമെന്റ് പിരിച്ചു വിട്ടത്.
വിധി വന്നതിനെത്തുടർന്നു ചൊവ്വാഴ്ച തന്നെ ജോൺസൻ രാജ്ഞിയെ ടെലിഫോണിൽ വിളിച്ച് മാപ്പു പറയുകയായിരുന്നുവെന്ന് ദി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇതേസമയം, കോടതിവിധി ഗുരുതര പ്രത്യാഘാതങ്ങൾക്കിടവരുത്തുമെന്നു സൺഡേ ടെലഗ്രാഫിന് അനുവദിച്ച അഭിമുഖത്തിൽ ജോൺസൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ശരിയല്ല. എന്നാലും കോടതിയുടെ ഉത്തരവ് മാനിക്കുന്നു. അമേരിക്കയിലേതുപോലെ ജഡ്ജിനിയമനം രാഷ്ട്രീയതലത്തിലുള്ള നിയമനമാക്കുന്ന കാര്യം ആലോചിക്കേണ്ടതാണെന്നും ജോൺസൻ അഭിപ്രായപ്പെട്ടു. ബ്രെക്സിറ്റ് ചർച്ച വെട്ടിച്ചുരുക്കുന്നതിനാണ് പാർലമെന്റ് പ്രോറോഗ് ചെയ്തതെന്ന എതിർഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചതാണ് ജോൺസന്റെ എതിർപ്പിനിടയാക്കിയത്.
സുപ്രീം കോടതി വിധിയെത്തുടർന്ന് സസ്പെൻഷൻ റദ്ദാക്കി ബുധനാഴ്ച ബ്രിട്ടീഷ് പാർലമെന്റ് സമ്മേളിച്ചു. ഈ സമ്മേളനത്തിലും സർക്കാരിന് തിരിച്ചടിയുണ്ടായി. മാഞ്ചസ്റ്ററിൽ നടത്തുന്ന കൺസർവേറ്റീവ് പാർട്ടി കോൺഫ്റൻസിനായി മൂന്നു ദിവസത്തേക്ക് പാർലമെന്റ് നിർത്തിവയ്ക്കണമെന്നു നിർദേശിക്കുന്ന പ്രമേയം എംപിമാർ വോട്ടിനിട്ടു തള്ളി. എന്നാൽ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും എന്തുവന്നാലും ഒക്ടോബർ 31നു ബ്രെക്സിറ്റ് നടപ്പാക്കുമെന്നും ജോൺസൻ കഴിഞ്ഞ ദിവസം ബിബിസിയോടു പറഞ്ഞു.
കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കാനാണു പദ്ധതിയെന്ന് ഒരു കാബിനറ്റ് മന്ത്രി പറഞ്ഞു. കരാറില്ലാ ബ്രെക്സിറ്റിനെതിരേ പാർലമെന്റ് നിയമം പാസാക്കിയിട്ടുണ്ട്. ഇതു ജോൺസൻ എങ്ങനെ മറികടക്കുമെന്നു വ്യക്തമല്ല. ബ്രെക്സിറ്റ് നടപ്പാക്കേണ്ട ചുമതല തനിക്കുണ്ടെന്നും ഇതിൽനിന്ന് ഒഴിഞ്ഞുമാറില്ലെന്നും ജോൺസൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല