സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാറില്‍നിന്നുള്ള യുഎസിന്റെ പിന്മാറ്റം; അനുനയവുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ അമേരിക്കയില്‍. ഈ മാസം 12നകം വിഷയത്തില്‍ തീരുമാനത്തിലെത്തേണ്ട സാഹചര്യത്തിലാണ് ബ്രിട്ടന്റെ തിരക്കുപിടിച്ചുള്ള നീക്കം. ആണവ കരാറില്‍നിന്ന് പിന്‍വാങ്ങുന്നത് അബദ്ധമാകുമെന്നും നിലപാടില്‍നിന്ന് പിന്മാറണമെന്നും ബോറിസ് പ്രസിഡന്റ് ട്രംപിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
കരാറില്‍നിന്ന് പിന്‍വാങ്ങുന്നത് ഇറാന് മാത്രമാണ് ഗുണംചെയ്യുകയെന്നും ‘ന്യൂയോര്‍ക് ടൈംസ്’ പത്രത്തില്‍ അദ്ദേഹം എഴുതി. കരാറിന് ദൗര്‍ബല്യങ്ങളുണ്ടെന്ന് സമ്മതിക്കുന്നതായും എന്നാല്‍ അത് പരിഹരിക്കാനാകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വാഷിങ്ടണില്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണ്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ കരാര്‍ നിലനിര്‍ത്താന്‍ ശക്തമായ ശ്രമം നടത്തുന്നുണ്ടെങ്കിലും യു.എസ് ഭരണകൂടം നിലപാടില്‍ മാറ്റംവരുത്തിയിട്ടില്ല. ബറാക് ഒബാമ യു.എസ് പ്രസിഡന്റായിരിക്കെ ഇറാനുമായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഒപ്പുവെച്ച കരാറാണിത്. ഇറാന്‍ ആണവപദ്ധതികള്‍ നിയന്ത്രിക്കുകയും പകരം സാമ്പത്തികരംഗത്തെ ഉപരോധത്തില്‍ അയവുവരുത്തുകയും ചെയ്യണമെന്നതാണ് പ്രധാന വ്യവസ്ഥ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല